മുക്കം: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായ മുക്കം ജനമൈത്രി പോലീസിനെ അഭിനന്ദിച്ചുകൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ബാലുശ്ശേരി ഏകരൂരിൽ വാടക വീട്ടിൽ താമസിക്കുന്ന റീനയാണ് തന്റെ കുടുംബത്തിന് കണ്ണൂരിൽ നിന്ന് രേഖകൾ എത്തിച്ചു നൽകിയ പോലീസിന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് എഴുതിയത്.
റീനയുടെ അമ്മയുടെ പെൻഷൻ ലഭിക്കാൻ ആവശ്യമായ രേഖകളാണ് പൊലിസ് എത്തിച്ചു നൽകിയത്. പോസ്റ്റ് ഇങ്ങനെ; ‘എന്റെ സ്വന്തം വീട് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലെ എടന്നൂരാണ്. എൻറെ അമ്മ അവിടെയായിരുന്നു താമസം. ശാരീരിക അവശത മൂലം എൻറെ വീട്ടിലേക്ക് വന്നിരുന്നു.
അപ്പോഴേക്കും കൊറോണ വ്യാപനത്തോടെ ലോക്ക് ഡൗണ്‍ മൂലം കേരളം നിശ്ചലമായ സമയം. ഇതോടെ കണ്ണൂരിലേക്ക് അമ്മക്ക് തിരിച്ചു പോകാൻ പറ്റാതെ വന്നു. ഈ സമയം സാന്പത്തികമായി തകർന്ന ഞങ്ങളെ സന്നദ്ധ സംഘടനകളും മറ്റും അരിയും കിറ്റും നൽകി സഹായിച്ചതിനാൽ ജീവിതം മുന്നോട്ടു പോയി. ആ സമയത്തായിരുന്നു ആശ്വാസമായി സർക്കാറിന്റെ വാർധക്യ പെൻഷൻ പ്രഖ്യാപനം വന്നത്.
അമ്മയുടെ ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവ കണ്ണൂരിലുള്ള വീട്ടിൽ ആയതിനാൽ അക്കൗണ്ടിലേക്ക് പണം എത്തിയ മെസേജ് വന്നെങ്കിലും നിത്യ ചിലവിനും അമ്മയുടെ ദൈനദിന ചികിത്സക്കും പണം കിട്ടാതെ ബുദ്ധിമുട്ടിലായി. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ പുതിയ താമസക്കാരായതിനാൽ ആരെയും പരിചയമില്ലായിരുന്നു.
എന്നാൽ ഞങ്ങളുടെ അടുത്ത് താമസിക്കുന്ന മുക്കം സ്റ്റേഷനിലെ രതീഷിനോട് വിവരങ്ങൾ ധരിപ്പിച്ചു. കുറച്ചു സമയത്തിന് ശേഷം ഫോണിലേക്ക് മുക്കം സ്റ്റേഷനിൽ നിന്നും കാൾ വരികയും അമ്മയ്ക്ക് പെൻഷൻ ലഭിക്കാനുള്ള രേഖകൾ എത്തിച്ചു തരാമെന്നും അറിയിച്ചു. കണ്ണൂരിലുള്ള വിലാസവും ഞങ്ങളുടെ വിലാസവും വാങ്ങി.
അടുത്ത ദിവസം രാവിലെ മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ, സുനിൽ എന്നിവർ വീട്ടിലെത്തി അമ്മക്ക് പെൻഷൻ വാങ്ങേണ്ട പാസ് ബുക്കും ആധാർ കാർഡും സുരക്ഷിതമായി എത്തിച്ചു നൽകി’. ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച പോലീസുകാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് റീന കുറിപ്പ് അവസാനിപ്പിക്കുന്നത്.