മുക്കം: റോഡ് ഉദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച വിവാദത്തിന് തിരശ്ശീല..! നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുന്നമംഗലം- അഗസ്ത്യന്മുഴി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് ഉറപ്പായി.
ഇന്നലെ ജോര്‍ജ് എം. തോമസ് എംഎല്‍എയുടെ ഓഫീസിലേക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ഗാന്ധി അറിയിച്ചത്. അതേസമയം സംസ്ഥാന സര്ക്കാരിനേയുംഎംഎല്എയും അഭിനന്ദിക്കാനും രാഹുല്‍ മറന്നില്ല.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു ജോര്‍ജ് എം. തോമസ് എംഎല്‍എ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെയാണ് വിവാദം തലപൊക്കിയത്. രാഹുല്‍ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിക്കാതെ ഫ്ലക്സിലും നോട്ടീസിലും പേര് വച്ച് അപമാനിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തുവരികയായിരുന്നു.
ഫ്ലക്സ് ബോര്‍ഡിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദം തുടങ്ങിയത്. എന്നാല്‍ സ്ഥലം എംപി എന്ന നിലയില്‍ രാഹുല്‍ഗാന്ധിയെ ക്ഷണിച്ചിരുന്നതായി ജോര്‍ജ് എം. തോമസ് എംഎല്‍എ ഇതിന് മറുപടി നല്കി.
എന്നാല്‍ റോഡ് ഭൂരിഭാഗം കടന്നുപോകുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ പ്രതിനിധി എം.കെ. രാഘവനെ ആദ്യഘട്ടത്തില്‍ ക്ഷണിക്കുകയോ ഫ്ളക്സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാത്തവര്‍ രാഹുല്‍ഗാന്ധിയെ ഉള്‍പ്പെടുത്തിയതില്‍ ദുരുദ്ദേശമുണ്ടെന്നാണ് യുഡിഎഫ് ആരോപിച്ചത്.
രാഹുല്‍ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിക്കാതെ അദ്ദേഹത്തെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖും പറഞ്ഞു. ഇത് സംബന്ധിച്ച് സൈബര്‍ ഇടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. ഇതിനിടയിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ ഇ-മെയില്‍ സന്ദേശം ലഭിക്കുന്നത്.
പരിപാടിയിലേക്ക് ക്ഷണിച്ചതിന് ജോര്‍ജ് എം. തോമസ് എംഎല്‍എയ്ക്ക് നന്ദി അറിയിച്ചും സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചുമാണ് ഇ-മെയില്‍ സന്ദേശം തുടങ്ങുന്നത്.