മുക്കം: മുക്കം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പോലീസ് സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിന് പിന്നിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിന് തലയോട്ടി കണ്ടെത്തിയത് .നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു. മാലിന്യ കൂമ്പാരത്തിനിടയിൽ നിന്നാണ് തലയോട്ടി കണ്ടടുത്തത്. പ്രാഥമികാന്വേഷണത്തിൽ തലയോട്ടി മനുഷ്യന്റേതാണന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണമാരംഭിച്ചു.
രണ്ട് വർഷം മുൻപ് തൊട്ടടുത്ത് കാരശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റിൽ മനുഷ്യന്റെ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലുള്ള മനുഷ്യ ശരീരം കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച ഈ കേസിപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് രണ്ട് സംഭവങ്ങളിലും അന്വേഷണം നടക്കുന്നത്.
പോലീസിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അടുത്ത് യാതൊരു രേഖകളുമില്ലാത്ത ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയിലും മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലും കഴിയുന്നത്. മലയോര മേഖലയിൽ ഇത്തരം തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്ന ആളുകളിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.പോലീസ് അന്വേഷണം ഊർജിതമായി നടത്തുന്നുണ്ടെങ്കിലും അന്വേഷണത്തിന് സഹായകരമായ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.