മുക്കം: മലയോര മേഖലയുടെ സിരാകേന്ദ്രമെന്ന അറിയപ്പെടുന്ന മുക്കം ഇന്നലെ പൊതുവേ വിജനമായിരുന്നു. ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരക്കിലമരേണ്ട നഗരത്തില്‍ ആളുകള്‍ എത്താന്‍ മടിക്കുകയാണ്.
ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന സാഹചര്യവും ഇതിനകം ഉടലെടുത്തിട്ടുണ്ട്.
നഗരത്തില്‍ എത്തിയ പലരും സുരക്ഷ മാസ്ക് ധരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്യാപാരികള്‍ , ബസ് ജീവനക്കാര്‍ , ഓട്ടോറിക്ഷ തൊഴിലാളികള്‍ , യാത്രക്കാര്‍ തുടങ്ങി മിക്കവരും മാസ്ക്ക് ധരിച്ചാണ് ഇന്നലെ നിരത്തുകളില്‍ ഇറങ്ങിയത്.
ജില്ലയില്‍ നിപ്പാവൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ദഗതിയിലായ വ്യാപാര രംഗം ഇപ്പോള്‍ മുക്കത്ത് കുത്തനെ ഇടിഞ്ഞു. വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍ അടക്കമുള്ള ജനം കൂട്ടമായെത്തുന്ന ഇടങ്ങളില്‍ ഇപ്പോള്‍ തിരക്കില്ല.
നിപ്പാവൈറസ് പടരുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് മൂലം കോഴിയിറച്ചി, പച്ചക്കറികള്‍ , പഴങ്ങള്‍, ഈത്തപ്പഴങ്ങള്‍ എന്നീ വിപണികളില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.