സ്വന്തംലേഖകന്‍
കോഴിക്കോട്: മുക്കം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ജയവല്ലി വധക്കേസ് ലോക്കല്‍ പോലീസിന് കൈമാറും. ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിന്റെ അനേ്വഷണത്തിനിടെയാണ് ജയവല്ലിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. കൊലപാതകം നടത്തിയ സ്്ഥലത്തെ ലോക്കല്‍ പോലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ലഭ്യമായ തെളിവുകള്‍ സഹിതം ലോക്കല്‍ പോലീസിന് കൈമാറുന്നത്.
ഇതിന് മുന്നോടിയാണ് ജയവല്ലിയെ കൊലപ്പെടുത്തിയതും പ്രതിയായ മകന് ബിര്‍ജുവിന്റെ കുറ്റസമ്മതവും സഹിതമുള്ള വിശദമായ റിപ്പോര്‍ട്ട് റൂറല്‍ പോലീസ് മേധാവി കെ.ജി. സൈമണ്‍ കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ബിര്‍ജുവിനെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ജയവല്ലിയുടെ കൊലപാതകം മറയ്ക്കാനായി വാടക കൊലയാളിയായ ഇസ്മയിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളായുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ബിര്‍ജുവിന് ഒറ്റയ്ക്ക് കൃത്യം നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറക്കി ചാക്കിലാക്കി ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കൃത്യം നിര്‍വഹിച്ച ശേഷം പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കും.
കസ്റ്റഡിയിലുള്ള പ്രതി ബിര്‍ജു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബിര്‍ജുവിന്റെ ഭാര്യയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. ഭാര്യയുടെ മൊഴിയും ബിര്‍ജുവിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ഇസ്മയിലിനെ കൊലപ്പെടുത്തിയ കേസിലും ജയവല്ലിയുടെ കേസിലും ഭാര്യക്കു പങ്കില്ലെങ്കില്‍ മാപ്പ് സാക്ഷിയാക്കാനാണ് പോലീസിന്റെ തീരുമാനം. ആദ്യ കൊലപാതകത്തിന് മൂന്നര വര്‍ഷവും രണ്ടാമത്തെ കൊലപാതകത്തിന് രണ്ടര വര്‍ഷവും പഴക്കമുള്ളതിനാല്‍ തെളിവുകള്‍ ശേഖരിക്കുക അന്വേഷണസംഘത്തിന് നിര്‍ണായകമായിരുന്നു. പ്രതിയുടെ കുറ്റസമ്മതത്തിന് പുറമേ കോടതിയില്‍ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം സമര്‍പ്പിക്കും. അതിന് പുറമേയാണ് കേസിലെ സാക്ഷിയായി ഭാര്യയെ പരിഗണിക്കുന്നത്.