മുക്കം: മധുവിധു കാലം പിന്നിടും മുന്പേ യുവതിയെ ഭർത്താവ് കഴുത്തറത്തു കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്.
കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങൽ കുട്ട്യാലിയുടെ മകൻ ഷഹീർ (30) ആണ് ഭാര്യ മുഹ്സിലയെ (20) കഴുത്തറത്തു ഇന്നു പുലർച്ചെ കൊലപ്പെടുത്തിയത്.
പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽനിന്നു വലിയ ബഹളം കേട്ടാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മാതാപിതാക്കൾ എണീറ്റു വന്നത്.
അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല.
ഇതോടെ എന്തോ അപാകത തോന്നിയ വീട്ടുകാർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവരും കർശനമായി ആവശ്യപ്പെട്ടതോടെ ഷഹീർ വാതിൽ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.
തുടർന്നു ബന്ധുക്കൾ മുറിയുടെ അകത്തേക്കു കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തിൽ കുളിച്ചു കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ ഇവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ തന്നെ പിടികൂടുകയായിരുന്നു. മുക്കംപോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ആറു മാസങ്ങൾക്കു മുന്പാണ് ഇരുവരും വിവാഹിതരായത്.
ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില.
കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്നു പഴംപറമ്പിലെ ഭർതൃ വീട്ടിലെത്തിയത്. വിവാഹത്തിനു ശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.