മുക്കം: കോൺഗ്രസ് നേതാവ് ഉൾപ്പെട്ട നാലംഗ സംഘം മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയതിനെ തുടർന്ന് ബാങ്കിൽ നിന്ന് പിരിച്ചു വിട്ട അപ്രൈസർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത്.
സംഭവത്തില്‍ അപ്രൈസറെ ബലിയടാക്കുകയായിരുന്നുവെന്നും പിന്നിലുള്ള വന്‍ സ്രാവുകളെ പിടികൂടണമെന്നുമാണ് ആവശ്യം.
സമഗ്ര അന്വേഷണം നടത്തണമെന്നും വൈസ് പ്രസിഡന്റ് അടക്കം തട്ടിപ്പ് കാരെ സംരക്ഷിക്കുന്ന കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖലാ കമ്മറ്റി രംഗത്തെത്തി.
ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസാണ് (57) ജീവനൊടുക്കിയത്.
വ്യാഴാഴ്ച രാവിലെ പത്തിന് കോഴിക്കോട്ടെ ക്രൗൺ തീയേറ്ററിന് സമീപത്തായിരുന്നു സംഭവം.
തീവണ്ടിയ്ക്കടിയിൽപ്പെട്ട് ഇരുകൈകളും അറ്റ്, ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
ദളിത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത്, കൊടിയത്തൂർ സ്വദേശികളായ മാട്ടുമുറിക്കൽ സന്തോഷ് കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവർ ചേർന്നാണ് ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിൽ നിന്ന് 24.6 ലക്ഷം രൂപ തട്ടിയത്.
ഈ ബാങ്കിലെ അപ്രൈസറായിരുന്നു മോഹൻ ദാസ്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്നും അഗസ്ത്യൻമുഴിയിലെ കാർഷിക – ഗ്രാമവികസന ബാങ്ക് ശാഖയിൽ നിന്നുമായി 32 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്.
ഒന്‍പത് കവറില്‍ മുക്കുപണ്ടം, തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത് രണ്ടുബാങ്കുകളില്‍
പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു.
കേസിൽ ഉൾപ്പെട്ടവർ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും സ്വർണ്ണം പണയം വെച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ഒൻപത് കവറുകളിലേത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മോഹൻദാസിനെ അപ്രൈസർ സ്ഥാനത്ത് നിന്ന് നീക്കി, അധികൃതർ പുതിയ അപ്രൈസറെ നിയമിച്ചു.
താൻ നിരപരാധിയാണെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മോഹൻ ദാസ് നിരവധി തവണ ബാങ്കിലെത്തിയെങ്കിലും അധികൃതർ ചെവികൊണ്ടില്ലെന്നും ജോലി നഷ്ടപ്പെട്ട അന്ന് മുതൽ മോഹൻദാസ് വലിയ മാനസിക വിഷമത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
അതേ സമയം, മോഹൻദാസിനെ അപ്രൈസർ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ലെന്നും സംഭവത്തിന് ശേഷം ഇയാൾ സ്വമേധയാ ബാങ്കിലേക്ക് വരാതിരിക്കുകയായിരുന്നുവെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.