കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാളെ എറണാകുളം സെഷൻസ് കോടതി ശിക്ഷ വിധിക്കും. ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. കേസില്‍ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ പ്രതി ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് വഴിയായത്.
സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി പലപ്രാവശ്യം വെട്ടുകയായിരുന്നു. ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറഞ്ഞു. തന്റെ അച്ഛന് മരിച്ചതിനു ശേഷം മാനസീക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ഇതിന് ചികിത്സയിലാണെന്നും ബാബു പറഞ്ഞു.
കുടുംബ പശ്ചാത്തലം പരിഗണിക്കണം. കുറ്റകൃത്യത്തിനു മുമ്പ് സമൂഹത്തില്‍ വിലയുള്ള ആളായിരുന്നു. എന്നാല്‍ അമ്മയുടെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താന്‍ പെട്ടുപോയെന്നും പ്രതി പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. ശിവനെ വീട്ടുമുറ്റത്തും ഭാര്യ വത്സലയെ വീട്ടിനകത്ത് വച്ചും സ്മിതയെ കുളിമുറിയില്‍ വച്ചുമാണ് പ്രതി വെട്ടി കൊലപ്പെടുത്തിയത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അപര്‍ണയ്ക്കും അശ്വിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.