മുക്കം: മുക്കം നഗരസഭയെയും കാരശേരി ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന വെന്റ് പൈപ്പ് പാലം പൊളിച്ചുമാറ്റുന്ന നടപടികൾക്ക് തുടക്കമായി.
നാല് ദിവസത്തിനകം പൂർണ്ണമായും പൊളിച്ചുമാറ്റാനാവുമെന്നാണ് പ്രതീക്ഷ. അതേസമയം പാലത്തിന്റെ അവശിഷ്ടങ്ങൾ തള്ളുന്നത് പുഴയിൽ. ഇത് വൻ പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
അവശിഷ്ടങ്ങൾ പുനഃരുപയോഗിക്കാവുന്ന തരത്തിൽ വേർതിരിച്ച് പൊളിച്ചു മാറ്റുമെന്നായിരുന്നു പ്രവൃത്തിയുടെ ചുമതലയുള്ള ജില്ല എക്സിക്യൂട്ടീവ് എൻജിനീയർ ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ പാലത്തിന്റെ അവശിഷ്ടങ്ങൾ പൊടിച്ച് പുഴയിൽ തന്നെ തള്ളുകയായിരുന്നു. കാലവർഷം ആരംഭിച്ചതോടെ പുഴയിൽ ജലനിരപ്പും ഒഴുക്കും വർധിച്ചതിനാൽ പൊളിച്ചു മാറ്റുമ്പോൾ പുഴയിൽ തള്ളുന്ന കോൺക്രീറ്റ് കഷ്ണങ്ങൾ, കമ്പി അടക്കമുള്ള വസ്തുക്കൾ താഴേക്ക് ഒലിച്ചു പോകാൻ തുടങ്ങിയിട്ടുണ്ട്. ഇത് അപകടങ്ങൾക്കും പുഴ മലിനമാകാനും ഇടയാക്കുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നിരവധിപേർ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പുഴയിൽ കോൺക്രീറ്റ് മാലിന്യം തള്ളുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും പരാതി ഉയർന്നിട്ടുണ്ട്.
അതേസമയം പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാൻ സൗകര്യങ്ങൾ ഇല്ലാത്തതുമാണ് അവശിഷ്ടങ്ങൾ പുഴയിൽ തന്നെ തള്ളാൻ കാരണമെന്നാണ് സൂചന.ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പൊളിച്ചുമാറ്റാൻ കരാറെടുത്തത്.
ജില്ല എക്സിക്യൂട്ടീവ് എൻജിനീയർ വാസു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടികൾ. ഈ പ്രവൃത്തി പൂർത്തിയായാൽ ഉടൻ തന്നെ പുല്ലൂരാംപാറ ഇലന്ത് കടവ് പാലവും പൊളിച്ചുമാറ്റും.
ഉപയോഗശൂന്യമായ ഇരുപാലങ്ങളും പുഴ ദിശമാറി ഒഴുകാനും മഴക്കാലത്ത് മരങ്ങൾ അടക്കമുള്ളവ അടിഞ്ഞുകൂടി അപകടം വരുത്തിവെക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.
.