സ്വന്തം ലേഖകൻ
മുക്കം: നിർദിഷ്ട കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ എരഞ്ഞിമാവിൽ ഒരു മാസമായി നടന്നു വരുന്ന സമരം അപ്രതീക്ഷിതമായി ശക്തിയാർജിച്ചത് രാഷ്ട്രീയ നേതാക്കളെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചു. നടന്നത് പോലീസ് സ്റ്റേഷൻ ആക്രമിക്കാനുള്ള പദ്ധതിയെന്ന് പോലീസും തികച്ചും സമാധാനപരമായ സമരത്തെ അടിച്ചമർത്താൻ പോലീസ് ശ്രമിക്കുകയായിരുന്നുവെന്ന് സമരക്കാരും പറയുന്നു.
എന്തായാലും മലയോരമേഖലയിലുണ്ടായ ഈ തീക്കളി ഗെയിൽ വിഷയം വീണ്ടും സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നതിലേക്ക് എത്തിച്ചു.
കാരശേരി, താമരശേരി, ഓമശേരി ഭാഗങ്ങളിൽ നടക്കാനിരിക്കുന്ന ഗെയിൽ സർവ്വേ നടപടികളും ഇതോടെ എളുപ്പമാവില്ലെന്നുറപ്പായി. കഴിഞ്ഞ ജനുവരിയിൽ താമരശേരിയിൽ ഗെയിൽ വിഷയവുമായി ബന്ധപ്പെട്ട് പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിനുശേഷം ഇന്നലെയാണ് നാടിനെ നടുക്കിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്.
മലപ്പുറം കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന തീവ്രവാദസംഘടനയ്ക്ക് സമരത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ആയുധങ്ങളുമായി പോലീസ് സ്റ്റേഷൻ അക്രമിക്കുകയാണ് ഇവർ പദ്ധതിയിട്ടുന്നതെന്നും അതുകൊണ്ടാണ് ബലപ്രയോഗം വേണ്ടിവന്നതെന്നും പോലീസ് പറയുന്നു. അതേസമയം, ലാത്തിച്ചാർജിൽ നിരപരാധികൾക്കുപോലും സാരമായി പരിക്കേറ്റിട്ടുണ്ട്.സമരം അക്രമാസക്തമായതിനു പിന്നിൽ തിരുവന്പാടി എംഎൽയാണെന്ന് എംഐ ഷാനവാസ് എംപി അഭിപ്രായപ്പെട്ടതോടെ സംഭവങ്ങൾക്ക് രാഷ്ട്രീയമാനവും കൈവന്നിരിക്കുകയാണ്. നേതാക്കളുടെ ശക്തമായ ഇടപെടലുകളുണ്ടായില്ലെങ്കിൽ മേഖലയിൽ ഇനിയും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്.
പോലീസും സമരക്കാരും തമ്മിൽ ഇന്നലെ മണിക്കൂറുകളോളം തെരുവിൽ ഏറ്റുമുട്ടി. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മാസത്തിലധികമായി നിർത്തിവച്ചിരുന്ന ഗെയിൽ പൈപ്പ് ലൈൻ സർവേയും പൈപ്പിടലും പുനരാരംഭിക്കുന്നതിനായി രാവിലെ ഗെയിൽ അധികൃതരും പോലീസും എത്തുകയായിരുന്നു. ഗെയിലിന്റെ വാഹനം എരഞ്ഞിമാവിൽ എത്തിയ ഉടനെ സമരക്കാർക്കിടയിൽനിന്ന് വാഹനത്തിനുനേരെ കല്ലേറ് നടന്നു. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
സംസ്ഥാന പാതയോരത്ത് എരഞ്ഞിമാവിലും പന്നിക്കോട് റോഡിലും നിർമ്മിച്ച സമരപന്തലും വിവിധ സംഘടനകളുടെ കൊടികളും ഫ്ലക്സ് ബോർഡുകളും പോലീസ് അടിച്ചു തകർത്തു. ഇതിനിടെ വിവിധ സ്ഥലങ്ങളിൽ സമരക്കാർ റോഡിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഉപയോഗിച്ചും ടയറുകൾ കത്തിച്ചും ഗതാഗതം തടസപ്പെടുത്തി. ഇതോടെ വലിയപറന്പിലും തുടർന്ന് കല്ലായിയിലും പോലീസ് സമരക്കാർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്കുനേരെയും സമരക്കാർ പ്രതിഷേധവുമായെത്തി.
അക്രമാസക്തരായ സമരക്കാർ രണ്ട് കെഎസ്ആർടിസി ബസുകൾ എറിഞ്ഞുതകർത്തു. അപകടം മുന്നിൽ കണ്ട് ബസ് ജീവനക്കാർ യാത്രക്കാരെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പാതയോരത്ത് പാർക്ക് ചെയ്ത സമരക്കാരുടെ നിരവധി വാഹനങ്ങൾ പോലീസ് അടിച്ചു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ മുക്കം, അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.