ചക്കരക്കൽ: ബാങ്കിൽ മുക്ക് പണ്ടങ്ങൾ പണയംവച്ച് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത രണ്ടുപേരെ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചകഴിഞ്ഞ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
ചക്കരക്കൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് ആറു മാസത്തിനിടെ വിവിധ തവണകളിലായി മുക്കുപണ്ടങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ തലമുണ്ട ഫാത്തിമാസിൽ പി. ഫൈസൽ (34), മാന്പ മുബാറക്ക് മൻസിലിൽ എം.കെ. അനസ് (32) എന്നിവരെയാണ് ചക്കരക്കൽ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഇന്നലെ അർബൻ ബാങ്കിലെത്തിയ ഇരുവരും മുക്കുപണ്ടം വച്ച് 1.25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സ്വർണാഭരണ പരിശോധനയ്ക്കിടെ സംശയം തോന്നിയ അപ്രൈസർ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.
ചക്കരക്കൽ പോലീസിനെ അറിയിച്ചതനുസരിച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇവർ നേരത്തെ സ്വർണാഭരണങ്ങളെന്നു പറഞ്ഞ് പണയം വച്ചവ മുക്കുപണ്ടമാണെന്നു വ്യക്തമായത്.