കിടങ്ങൂർ: ജില്ലയിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ഒളിവിൽ.
വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയാണ് വിവിധ സ്ഥലങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇയാൾ പണം തട്ടിയത്. ഇയാൾ കോട്ടയം തിരുനക്കര സ്വദേശിയാണെന്നു പോലീസ് സംശയിക്കുന്നു.
ഇയാൾ മുന്പ് പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് ജയിലുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണിപ്പോൾ.
സ്വർണം പൂശിയ ആഭരണങ്ങൾ പണയം വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഒക്ടോബർ 22ന് കിടങ്ങൂരിലെ രണ്ടു സ്ഥാപനങ്ങളിൽ നിന്നും 70,000, 65,000 രൂപ വീതം പണയം വെച്ച് തുക വാങ്ങിയിരുന്നു.
രണ്ടു ദിവസത്തിനു ശേഷം എരുമേലിൽ നിന്നും സമാന രീതിയിൽ 90,000 രൂപ വാങ്ങിയിരുന്നു. എല്ലായിടത്തും ഇയാൾ ഒരേപേരിലുള്ള വ്യാജ ആധാർ കാർഡാണ് നൽകിയിരുന്നത്.
എരുമേലിയിലെ പണമിടപാട് സ്ഥാപനത്തിലെ ഉടമ ഇയാൾ കൊണ്ടുവെച്ച ആഭരണം ഉരച്ചു നോക്കിയതോടെയാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിയുന്നത്.
തുടർന്ന് സ്വകാര്യ പണമിടപാടുകാരുടെ വാട്സ് ആപ് കൂട്ടായ്മയിൽ വിവരങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെയാണ് കിടങ്ങൂരിലെ സ്ഥാപന ഉടമയും പണയ ഉരുപ്പടികൾ പരിശോധിക്കുകയും തട്ടിപ്പു മനസിലാക്കുകയും ചെയ്തത്.
പണയത്തിനു നൽകിയ സ്വർണം മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ സ്ഥാപന ഉടമകൾ കിടങ്ങൂർ പോലീസിൽ പരാതി നല്കുകയായിരുന്നു.
തുടർന്നു നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇയാൾ നല്കിയിരിക്കുന്ന ആധാർ കാർഡിലെ പേരും മേൽവിലാസവും വ്യാജമാണെന്നു കണ്ടെത്തിയത്.
എല്ലായിടത്തും കൊടുത്ത ആധാർ കാർഡിലെ പേരു ഒന്നാണെങ്കിലും നന്പറും മേൽവിലാസവും വ്യത്യസ്തമാണ്. ഇതോടെയാണ് ആധാർ കാർഡും വ്യാജമാണെന്നും പോലീസ് കണ്ടെത്തിയത്.
കോട്ടയം സ്വദേശിയായ ഇയാളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ മേൽവിലാസം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പോലീസ് അന്വേഷണം പുരോഗമിക്കുന്പോഴാണ് തിങ്കളാഴ്ച രാവിലെ ഇയാൾ തൊടുപുഴയിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ നിന്നും സമാന രീതിയിൽ മുക്കുപണ്ടം പണയംവെച്ച് 65,000 രൂപ വാങ്ങി.
തുടർന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴയിലെ തന്നെ മറ്റൊരു സ്ഥാപനത്തിലും പണയം വെക്കുന്നതിനായി എത്തി. സംശയം തോന്നിയ ജീവനക്കാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.
സമാന രീതിയിൽ സമീപ ജില്ലകളിലും മറ്റിടങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തിവരികയാണ്.