തൃശൂർ: മുക്കുപണ്ടം പണയംവച്ച് 7,62,500 രൂപ കൈപ്പറ്റിയ കേസിലെ പ്രതികൾ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. വടൂക്കര എസ്എൻ നഗർ പൊന്നുംകുന്നത്ത് റസാക്ക് (43), നെടുപുഴ കൂടല്ലൂർ വീട്ടിൽ അനീഷ് (34), പടവരാട് പടിഞ്ഞാറെവീട്ടിൽ വിജു (34) എന്നിവരെയാണു തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
മറ്റൊരു പ്രതിയായ പെരിന്തൽമണ്ണ സ്വദേശി ഷബീറിനെ പിടികിട്ടാനുണ്ട്.2021 ജനുവരിയിലാണു പ്രതികൾ വിവിധ ദിവസങ്ങളിലായി 230 ഗ്രാം വ്യാജസ്വർണം കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചത്.
രണ്ടാംപ്രതിയായ അനീഷാണു വ്യാജസ്വർണം നിർമിച്ചുനൽകിയത്. പണയംവച്ച് ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് 10,000 രൂപയാണ് അനീഷ് കമ്മീഷനായി വാങ്ങിയിരുന്നത്.
രണ്ടാംപ്രതി അനീഷിനെതിരെ തൃശൂർ പോലീസ് സ്റ്റേഷനിലും മൂന്നാംപ്രതി വിജുവിനെതിരെ ഒല്ലൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ പി.ലാൽകുമാർ, എസ്ഐ എസ്.ഗീതുമോൾ, ഗോപി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.