സ്വന്തം ലേഖകന്‍
കോഴിക്കോട്: ബാങ്കുകളില്‍ പണയം വയ്ക്കാനായി വ്യാജ സ്വര്‍ണമുണ്ടാക്കി നല്കുന്ന സ്വര്‍ണാഭരണ നിര്മാണവിദഗ്ധനെ പൂട്ടാന്‍ പോലീസ്.
മുക്കുപണ്ടം പണയംവച്ച് അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തുന്നതിനിടെ പിടിയിലായ പ്രതികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കിയ തട്ടാനെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ സ്വർണപ്പ ണിക്കാരനാണെന്നാണ് പോലീസിന് പ്രതികള്‍ നല്കിയ മൊഴി. ഇയാളെ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാമെന്ന് കസബ പോലീസ് അറിയിച്ചു.
സമാനമായ രീതിയില്‍ പ്രതികള്‍ മുക്കുപണ്ടം പണയംവച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.ശനിയാഴ്ചയാണ് മുക്കുപണ്ടം പണയംവയ്ക്കാനായെത്തിയ പ്രതികളെ കസബ പോലീസ് പിടികൂടിയത്.
കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി വീട്ടില്‍ അലി അക്ബര്‍ (22) കോഴിക്കോട് കോര്‍പറേഷനു സമീപം നൂറി മഹല്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (29) എന്നിവരെയാണ് കസബ എസ്ഐ ടി.എസ് ശ്രീജിത്തും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കല്ലായി പാലത്തിനു സമീപത്തുള്ള പണമിടപാട് സ്ഥാപനത്തില്‍ തിരക്കുള്ള സമയത്ത് പണയംവയ്ക്കുന്നതിനായി വ്യാജ സ്വര്‍ണം കൊണ്ടുവരികയായിരുന്നു.
പണത്തിനായി തിരക്കുകൂട്ടിയതോടെ സംശയം തോന്നിയ സ്ഥാപന ഉടമകള്‍ സ്വര്‍ണം വിശദമായി പരിശോധിക്കുകയും വ്യാജ സ്വര്‍ണമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
തുടര്‍ന്ന് പോലീസിന് കൈമാറുകയായിരുന്നു. കസബ പോലീസ് സ്റ്റേഷനിലെ എസ്ഐ എസ്.അഭിഷേക്, സീനിയര്‍ സിപിഒ മാരായ എം.കെ. സജീവന്, ജെ.ജെറി,സിപിഒ വി.കെ. പ്രണീഷ്,വനിത സിപിഒ വി.കെ സറീനാബി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.