കാട്ടാക്കട: ദേശസാത്കൃത ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിൽ. തമിഴ്നാട് ഡിണ്ടിഗൽ അമ്പലത്തുറ സ്വദേശി രാമചന്ദ്രൻ (രാമു,40) ആണ് പിടിയിലായത്. സമാന കേസിൽ പിടിക്കപ്പെട്ടു തേനി ജയിലിൽ കഴിയുകയായിരുന്ന രാമചന്ദ്രനെ കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ ഡിണ്ടിഗൽ സ്വദേശി ഉമയും രാമചന്ദ്രനും ചേർന്നാണ് വ്യാജ ആഭരണങ്ങൾ കേരളത്തിൽ എത്തിച്ച് ഇടനിലക്കാർ വഴി പണയപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടത്. ഉമ ഒളിവിലാണ്.
കേസുമായി ബന്ധപ്പെട്ട വിളപ്പിൽശാല കാരോട് വാടകയ്ക്കു താമസിക്കുന്ന ഭരത് കുമാർ (30), വിളപ്പിൽശാല കൊല്ലംകോണം ഷീബാ ഭവനിൽ ഷാജി ജേക്കബ് (48), പുളിയറക്കോണം ചന്തവിള വീട്ടിൽ രമേശ് കുമാർ (46), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശികളായ പാണ്ടി സെൽവൻ (30), പ്രേംകുമാർ (29) എന്നിവരെ മലയിൻകീഴ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എസ്ബിഐയുടെ മലയിൻകീഴ്, പേയാട് ശാഖകളിലെ മാനേജർമാർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.