തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയംവച്ച് ബാങ്കിൽനിന്നും 8.5 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ ചേരൂർ നടുക്കടി വീട്ടിൽ മണികണ്ഠൻ (53) സ്വർണം പൂശിയ വളകൾ നിർമിച്ചിരുന്നത് വിദഗ്ധമായി.
ഉരച്ചു നോക്കിയാൽ മനസിലാകാത്ത വിധം പത്ത് ഗ്രാമിന്റെ വളയിൽ ഏഴ് ഗ്രാം ചെമ്പും മൂന്നു ഗ്രാം സ്വർണവും ചേർത്താണ് നിർമിച്ചിരുന്നത്. ഇതുകൊണ്ടു തന്നെ ബാങ്കിൽ പണയം വച്ചപ്പോൾ അപ്രൈസർ ഉരച്ചുനോക്കിയിട്ടും സംശയം തോന്നിയില്ല.
സംഭവത്തിൽ മണികണ്ഠനെക്കൂടാതെ എറണാകുളം പുത്തൻവേലിക്കര പടയാട്ടി വീട്ടിൽ ജോബി ജോസഫ് (46), കൊടുങ്ങല്ലൂർ എറിയാട് പൊയ്യാറാ വീട്ടിൽ റെജിൻ ലാൽ (33), എന്നിവരെയും അറസ്റ്റ് ചെയ്തു.
കാത്തലിക് സിറിയൻ ബാങ്കിന്റെ തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് സ്വർണം പൂശിയ വളകൾ പണയം വച്ചത്.ജോബിയുടെ നിർദേശപ്രകാരം റിജിൻ ലാൽ പരിചയക്കാരനായ മണികണ്ഠനെക്കൊണ്ടാണ് സ്വർണം പൂശിയ വളകൾ നിർമിച്ചത്.
പണയമിടപാടിൽ ലഭിച്ച തുകയിൽനിന്നും സ്വർണപ്പണിക്കാരന് ഓരോ വളയ്ക്കും 16,000 രൂപ വീതം നൽകി ബാക്കി തുക ജോബിയും റെജിനും വീതിച്ചെടുക്കുകയായിരുന്നു. മണികണ്ഠനെതിരേ സമാന രീതിയിലുള്ള കേസുകൾ മറ്റ് സ്റ്റേഷനുകളിൽ ഉണ്ടെന്നും പോലീസ് പറഞ്ഞു.
ഈ വർഷം ആദ്യം ബാങ്കിൽ പണയം വച്ച വളകൾ ആറ് മാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനെ തുടർന്ന് ജൂലൈ ആദ്യം ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് ബാങ്ക് നൽകിയ പരാതിയിൽ ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ കെ.ജി അനീഷിന്റെ നേതൃത്വത്തിൽ പ്രതികളെ വീടുകളിൽനിന്നും പിടികൂടുകയായിരുന്നു.
എസ്ഐമാരായ അനില, രമേശൻ, എഎസ്ഐമാരായ ജയരാജ്, സജീഷ്, സീനിയർ സിപിഒ ശ്രീനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.