കാട്ടാക്കട : സ്വർണ പണയ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ ഉടമ തടഞ്ഞുവച്ച് പോലീസിന് കൈമാറി. കുറ്റിച്ചൽ, കോട്ടൂർ സ്വദേശികളായ ബിനു , വിനോദ് എന്നിവരാണ് തട്ടിപ്പുമായി കുറ്റിച്ചൽ ദേവി ഫൈനാൻസിൽ എത്തിയത്.
മുന്പും ഇവർ പണയം വച്ച ഉരുപ്പടിയിൽ സംശയം തോന്നിയ കടയുടമ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ഇന്നലെ വൈകുന്നേരം ബിനുവും വിനോദും ആഭരണങ്ങളുമായി എത്തിയപ്പോൾ സ്ഥപന ഉടമ ബിജു ഇരുവരെയും തടഞ്ഞു വച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കമ്പി വളയുണ്ടാക്കി അതിൽ സ്വർണ്ണം പൂശി 916 മുദ്രയും പതിപ്പിച്ചു 12 ഗ്രാം വീതം തൂക്കം ഉറപ്പിച്ചാണ് ഇവർ പണമിടപാട് സ്ഥാപനത്തെ പറ്റിക്കുന്നത്. ഒരിക്കൽ പണയം വച്ച ഉരുപ്പടികൾ ഇവർ തിരിച്ചെടുക്കാൻ എത്താറില്ല.
കുറ്റിച്ചലിലെ തന്നെ അഞ്ചിലധികം പണമിടപാട് സ്ഥാപനങ്ങളിലും സമാന രീതിയിൽ ഒന്നിലധികം വളകൾ പണയം നൽകി ഇവർ തുക തട്ടി എടുത്തതായും വിവരമുണ്ട്. ദേവി ഫൈനാൻസിൽ തന്നെ നാല് വളകൾ പണയം വച്ചിരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിൽ കാരിയോട്,കോട്ടൂർ,തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
സമാന രീതിയിൽ മറ്റെവിടെയെങ്കിലും ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചും ഇവർക്കൊപ്പം കൂടുതൽപേർ ഉണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരുകയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.