കൊല്ലം: മുക്കുപണ്ടങ്ങളിൽ 916 മുദ്ര വ്യാജമായി പതിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടുകയും സ്വർണാഭരണം പണയം വച്ചിരിക്കുന്ന ചില ആളുകളുമായി ചേർന്ന് അവർക്ക് ഇത്തരത്തിൽ വ്യാജ മുക്കുപണ്ടങ്ങൾ നൽകിയശേഷം അവരെക്കൊണ്ട് മുക്ക് പണ്ടം പണയം വച്ച് പകരം യഥാർഥ സ്വർണം ധനകാര്യ സ്ഥാപനത്തിൽ നിന്നും ‘കബളിപ്പിച്ച് എടുക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ.
കൊല്ലം അയത്തിൽ വടക്കേവിള ചരുവിള വീട്ടിൽ സുധീഷാണ് (30) അറസ്റ്റിലായത്. ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനിൽ തന്നെ നാല് കേസുകൾ നിലവിലുണ്ട്.
സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങൾക്കുമുമ്പ് ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു.സംഘത്തിൽ ഇനിയും ആളുകളുണ്ട് എന്നാണ് ഇയാളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി ഷെരീഫിന്റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ ശൂരനാട് ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്.
ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാജ 916 മുദ്രയുള്ള ആഭരണങ്ങൾ നിർമിച്ച് നൽകുന്ന ആളിനെയും പിടി കൂടാനുള്ള ശ്രമത്തിലാണ് ഇരവിപുരം പോലീസ്.
സബ് ഇൻസ്പെക്ടർ ജയേഷ്, സിപിഒമാരായ അനീഷ് ,സുമേഷ് | എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.