തുറവൂർ: സ്വകാര്യബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസിന്റെ പിടിയിൽ. തുറവൂർ തിരുമലഭാഗം പറവക്കലത്തറ അരുൺ അശോകൻ (30) ആണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്.
തുറവൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെത്തുടർന്ന് കുത്തിയതോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പ്രതിയെ കുത്തിയതോട് സ്റ്റേഷൻ ഓഫീസർ അജയ്മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തതിലൂടെയാണ് വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതായി മൊഴി നൽകിയത്.
തുടർന്ന് തുറവൂരിലെ സഹകരണ ബാങ്കിലെത്തിയ പോലീസ് സഹകരണ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും പണയപ്പെടുത്തിയ സ്വർണം പരിശോധിക്കുകയും ചെയ്തതോടെ പണയപ്പെടുത്തിയ സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.