കെ.ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും ബാങ്കുകളേയും വ്യാജ സ്വര്‍ണം പണയംവച്ച് കബളിപ്പിക്കാന്‍ മാഫിയ. അന്തര്‍സംസ്ഥാന സംഘങ്ങളും സംസ്ഥാനത്തെ സ്ഥിരം കവര്‍ച്ചാസംഘങ്ങളും കോള്‍ ഗേള്‍സിനെ വരെ ഉപയോഗപ്പെടുത്തി സ്വര്‍ണ പണയത്തട്ടിപ്പിലൂടെ വന്‍തുക ബാങ്കുകളെ കബളിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍.
പരപ്പനങ്ങാടിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിപ്പ് നടത്തിയ സംഘം കോയമ്പത്തൂരിലും പാലക്കാടും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പണയം വയ്ക്കുമ്പോള്‍ സമര്‍പ്പിച്ച ആധാര്‍കാര്‍ഡ് വ്യാജമായിരുന്നതിനാല്‍ തട്ടിപ്പ് സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
കോഴിക്കോട് കഴിഞ്ഞ മാസം പിടിയിലായ സ്വര്‍ണ കവര്‍ച്ചാസംഘം ബാങ്കുകളില്‍ പണയത്തിനായി വ്യാജ സ്വര്‍ണം ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് കസബ പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ സംഘം മുമ്പും സമാനമായ രീതിയില്‍ ബാങ്കുകളെ കബളിപ്പിച്ചതായും പോലീസ് തിരിച്ചറിഞ്ഞു.
സംസ്ഥാനവ്യാപകമായി നിരവധി സംഘങ്ങള്‍ ഇത്തരത്തില്‍ വ്യാജ സ്വര്‍ണം വച്ച് ബാങ്കുകളില്‍ നിന്ന് പണം ഈടാക്കിയതായുള്ള വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസവും വ്യാജ സ്വര്‍ണം പണയംവച്ചതിന് രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.
പണയം വയ്ക്കാന്‍ കോള്‍ ഗേള്‍സ്
വ്യാജ സ്വര്‍ണം പണയം വയ്ക്കാനായി തട്ടിപ്പ് സംഘങ്ങള്‍ കോള്‍ ഗേള്‍സിനെയും ഉപയോഗിക്കുന്നുണ്ട്. ആധാര്‍കാര്‍ഡ് നഷ്ടമായെന്നും മറ്റുമുള്ള കാരണങ്ങള്‍ നിരത്തിയാണ് കവര്‍ച്ചാസംഘങ്ങള്‍ കോള്‍ ഗേള്ഡിനെ ഉപയോഗിക്കുന്നത്. സ്വന്തം സ്ഥലത്ത് നിന്നു മാറി ദൂരെയുള്ള ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളേയുമാണ് ഇവര്‍ തെരഞ്ഞെടുക്കുന്നത്.
വാടകയ്ക്ക് താമസിക്കുകയാണെന്നും മറ്റും പറഞ്ഞ് ഇവര്‍ ബാങ്കിനെ തെറ്റിദ്ധരിപ്പിക്കും. ചെറിയ തുകയ്ക്ക് കുറഞ്ഞ തൂക്കമുള്ള ആഭരണങ്ങളാണ് പണയത്തിനായി നല്‍കുക. ബാങ്കിനെ വിശ്വസിപ്പിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് വാചാലരാകും. ഇതുവഴി ജീവനക്കാരുടെ അനുകമ്പ പിടിച്ചുപറ്റും.
പണയം വയ്ക്കേണ്ട ആഭരണങ്ങള്‍ ധരിച്ചായിരിക്കും സ്ത്രീകള്‍ ബാങ്കുകളിലെത്തുന്നത്. കൗണ്ടറിന് മുന്നില്‍ വച്ച് ധരിച്ച ആഭരണം ഊരി നല്‍കും. ഇവ ഉരച്ചു നോക്കി പരിശോധിച്ചാല്‍ സ്വര്‍ണമാണെന്ന് തോന്നും. തുടര്‍ന്ന് ഇവ ഈടായി വച്ച് വായ്പ നല്‍കുകയാണ് പതിവ്.
കോള്‍ ഗേള്‍സ് വായ്പയായി ലഭിച്ച തുക തട്ടിപ്പ് സംഘത്തിന് കൈമാറുകയും നിശ്ചിത തുക കമ്മീഷനായി വാങ്ങുകയുമാണ് ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു. കക്കോടി മേഖലയില്‍ നടന്ന തട്ടിപ്പിന് പിന്നില്‍ കോള്ഗേള്സാണെന്നാണ് പോലീസ് പറയുന്നത്.
ആധാര്‍ രേഖയും വ്യാജം
സ്വര്‍ണം പണയംവയ്ക്കുമ്പോള്‍ പണയം വയ്ക്കുന്നയാളുടെ ആധാര്‍ രേഖകള്‍ സ്ഥാപനങ്ങള്‍ ആവശ്യപ്പെടും. ഇതിനാല്‍ യഥാര്‍ഥ ആധാര്‍കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തി നിര്‍മിച്ച വ്യാജ ആധാര്‍കാര്‍ഡാണ് നല്‍കുന്നത്. ആധാര്‍കാര്‍ഡിന്റെ ആധികാരികത പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പ്രാഥമിക പരിശോധന നടത്തി രേഖയായി സൂക്ഷിക്കുകയാണ് പതിവ്.
കൊടുവള്ളി ‘വ്യാജന്’
സ്വര്‍ണ നഗരിയെന്ന് പേരുകേട്ട കോഴിക്കോട്ടെ കൊടുവള്ളി കേന്ദ്രീകരിച്ച് വ്യാജ പൊന്ന് നിര്‍മാണം നടക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. ആഭരണത്തില്‍ 30 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ചേര്‍ത്തുകൊണ്ടുള്ള ആഭരണമാണ് ഇവിടെ നിര്‍മിക്കുന്നത്.
ഇത്തരത്തില്‍ ചില സംഘങ്ങള്‍ കൊടുവള്ളിയില്‍ സജീവമായുണ്ടെന്നും കസബ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണം ഉരച്ചുനോക്കിയാലും മറ്റും ഒരിക്കല്‍ പോലും ചെമ്പാണെന്ന് കണ്ടെത്താനാവില്ല. പല ധനകാര്യ സ്ഥാപനങ്ങളും ഉരച്ചുനോക്കി സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.
ഈ രീതിയെ മറികടക്കുന്നതിനാണ് ആഭരണങ്ങള്‍ക്ക് മുകളില്‍ സ്വര്‍ണം പൂശി തട്ടിപ്പ് നടത്തുന്നത്. കോട്ടയത്തുള്ള സ്വർണപണിക്കാരനും തിരുവനന്തപുരത്തുള്ള തട്ടാനും ഇത്തരം വ്യാജ സ്വര്‍ണാഭരണം നിര്‍മിച്ചു നല്കുന്നതില് വിദഗ്ധരാണ്.
വിശ്വാസം അതല്ലേ എല്ലാം
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിക്കുന്നതില്‍ സ്ഥിരം തട്ടിപ്പ് സംഘങ്ങള്‍ മാത്രമല്ല ഉള്‍പ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തികമായി ഉന്നതിയിലുള്ള ബിസിനസുകാരും മറ്റും വന്‍ തുകകള്‍ ഇത്തരത്തില്‍ വ്യാജ സ്വര്‍ണം പണയം വച്ച് കൈപ്പറ്റുന്നുണ്ട്.
നിശ്ചിത ഇടവേളയ്ക്ക് ശേഷം വായ്പാതുക തിരിച്ചടച്ച് ഇവര്‍ വ്യാജ സ്വര്‍ണം കൈക്കലാക്കും.ഇപ്രകാരം പല ഘട്ടങ്ങളിലായി വ്യാജ സ്വര്‍ണം പണയം വയ്ക്കുകയും തിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഇടപാടുകള്‍ കൂടുമ്പോള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിയുമെന്നതാണ് തട്ടിപ്പുകാര്‍ക്ക് സഹായകമാവുന്നത്.