കോട്ടയം: മുക്കുപണ്ടം പണയംവച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കോട്ടയം വെസ്റ്റ് പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കുടയംപടിയിലെ സ്വകാര്യ സ്ഥാപനത്തിനെയാണ് രണ്ടുപേർ കബളിപ്പിച്ച് പണം തട്ടിയതായി പരാതി ഉയർന്നത്. ഏറ്റുമാനൂർ സ്വദേശി കഴിഞ്ഞ ഡിസംബറിൽ പണയംവച്ച് 2,62,000 രൂപയെടുത്തിരുന്നു.
മൂന്നുമാസമായിട്ടും പണയം എടുക്കാതായപ്പോൾ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമെന്ന് വ്യക്തമായത്.
ഇതേ തുടർന്ന് സംശയം തോന്നി ഒരു മാസം മുൻപ് മറ്റൊരാൾ വച്ച പണയവും പരിശോധിച്ചു. ഇതും മുക്കുപണ്ടമെന്ന് വ്യക്തമായി. രാമപുരം സ്വദേശി പണയം വച്ച് മുപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്.
സ്ഥാപന ഉടമ പോലീസിന് നല്കിയ പരാതിയിൽ തട്ടിപ്പുകാരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് പോലീസ് അധികൃതർ വ്യക്തമാക്കി.