സ്വന്തം ലേഖകൻ
തൃശൂർ: മുക്കുപണ്ടങ്ങൾ പണയം വെച്ച് ജില്ലയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ച കേസിൽ മുക്കുപണ്ടങ്ങൾ നിർമിച്ചുകൊടുത്തിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു. തൃശൂർ കടലാശേരി സ്വദേശി ചാത്തുകുടത്ത് വീട്ടിൽ രാജൻ എന്ന രാജേന്ദ്രൻ(49) ആണ് അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘമാണ് പ്രതിയെ പിടികൂടിയത്.
വടക്കാഞ്ചേരി പത്താംകല്ലിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങളായ നാലുവളകൾ നൽകി പണം തട്ടിയവരെ നാലുപേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുക്കുപണ്ടങ്ങൾ ഉണ്ടാക്കി നൽകുന്ന രാജേന്ദ്രനെക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ രാജേന്ദ്രനെ റിമാൻഡു ചെയ്ത് ജയിലിലേക്ക് അയച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതി മുക്കുപണ്ട നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടെടുക്കുമെന്ന് പോലീസ് പറഞ്ഞു.
തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അസി.പോലീസ് കമ്മീഷണർ സി.ഡി.ശ്രീനിവാസന്റെ നിർദ്ദേശാനുസരണം തൃശൂർ സിറ്റി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘാംഗങ്ങളായ എസ്ഐമാരായ ടി.ആർ.ഗ്ലാഡ്സ്റ്റണ്, എൻ.ജി.സുവൃതകുമാർ, പി.എം.റാഫി, എഎസ്ഐമാരായ കെ.ഗോപാലകൃഷ്ണൻ, ഇ.കെ.ജയകുമാർ, എ.ബാബു, സീനിയർ സിപിഒമരായ ടി.വി.ജീവൻ, പി.കെ.പഴനിസ്വാമി, സിപിഒമാരായ എം.എസ്.ലിഗേഷ്, കെ.ബി.വിപിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വ്യാജസ്വർണനിർമാണത്തിന്റെ രാജാവാണീ രാജൻ…916 അടയാളത്തോടെ മുക്കുപണ്ടങ്ങൾ
ആസിഡ് ടെസ്റ്റിലോ ഉരച്ചോ നോക്കിയാൽ പോലും പിടികൂടാൻ കഴിയാത്ത മുക്കുപണ്ടം നിർമിക്കുന്നതിൽ രാജൻ തന്നെയാണത്രെ പിടിയിലായ രാജേന്ദ്രൻ. തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
തന്റെ സ്വന്തം സ്വർണാഭരണ നിർമാണ ശാലയിലാണ് രാജേന്ദ്രൻ വിദഗ്ധർക്കു പോലും കണ്ടുപിടിക്കാൻ കഴിയാത്ത വിധം മുക്കുപണ്ടങ്ങൾ നിർമിച്ചത്. മുക്കുപണ്ടങ്ങൾ നിർമിച്ച ശേഷം അവയിൽ സ്വർണത്തിന്റെ പരിശുദ്ധി കാണിക്കുന്നതിനായി രേഖപ്പെടുത്തുന്ന 916 അടയാളവും വിശ്വസനീയമായ സ്വർണാഭരണ കടകളുടെ പേരും ആർക്കും സംശയം തോന്നാത്ത രീതിയിൽ വിദഗ്ധമായി അടയാളപ്പെടുത്തും.
പിന്നീട് ഈ മുക്കുപണ്ടങ്ങൾ പഴയ ആഭരണങ്ങളാണെന്ന്് തോന്നുന്നതിനായി രണ്ടു ദിവസം ചെളിയിലിട്ടു വയ്ക്കും. അതിനു ശേഷം നന്നായി കഴുകുകയോ തീയിൽ ചെറുതായി കാണിക്കുകയോ വിളക്കു കത്തിച്ച ശേഷം ബാക്കി വരുന്ന എണ്ണയിൽ ഇട്ടുവെച്ചതിന് ശേഷം തുടയ്ക്കുകയോ ചെയ്യും. പിന്നെ ആർക്കും മുക്കുപണ്ടമാണിതെന്ന് തിരിച്ചറിയാൻ സാധിക്കില്ല. അത്രയും പെർഫെക്ട് വർക്കായിരുന്നു മുക്കുപണ്ടനിർമാണത്തിൽ രാജേന്ദ്രന്റേത്.
ചീട്ടുകളിക്ക് പണം തേടി മുക്കുപണ നിർമാണത്തിലേക്ക്
നിരവധി തട്ടിപ്പുകേസുകളിലും കവർച്ചാ കേസിലും പ്രതിയാണ് രാജേന്ദ്രൻ. 2004ൽ സ്വർണാഭരണങ്ങൾ നിർമിച്ച് സ്വർണക്കടകളിലേക്ക് വിതരണത്തിന് കൊണ്ടുപോയിരുന്ന മൂന്നുകിലോ സ്വർണം മുളകുപൊടിയെറിഞ്ഞ് തലക്കടിച്ച് തട്ടിയെടുത്ത കേസിലെ പ്രതിയാണിയാൾ. 2015ൽ നിരവധി പണമിടപാടു സ്ഥാപനങ്ങളിൽ മുക്കുപണ്ടങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസുകളിൽ രാജേന്ദ്രൻ പ്രതിയായിരുന്നു.
വൻലാഭത്തിനായി പണം വെച്ച് ചീട്ടുകളിക്കുന്ന സംഘത്തിലെ അത്താണി സ്വദേശി സബീർ ആണ് രാജേന്ദ്രനെ മുക്കുപണ്ട നിർമാണത്തിലേക്ക് ഇറക്കുന്നത്. ചീട്ടുകളിക്ക് വൻതുകകൾ രാജേന്ദ്രന് ആവശ്യമായി വന്നപ്പോൾ മുക്കുപണ്ടമാണെന്ന് അറിയാത്ത തരത്തിൽ ആഭരണങ്ങൾ നിർമിച്ചു നൽകിയാൽ വൻ തുക കമ്മീഷൻ ഓഫർ ചെയ്താണ് സബീർ രാജേന്ദ്രനെ കളത്തിലിറക്കുന്നത്.
രാജേന്ദ്രന്റെ കൈയൊപ്പ് പതിഞ്ഞ മുക്കുപണ്ടങ്ങൾ വഴി തട്ടിയത് ലക്ഷങ്ങൾ
ഒരു വർഷത്തിനിടെ ജില്ലയിലെ വിവിധ പണമിടപാടു സ്ഥാപനങ്ങളിൽ രാജേന്ദ്രൻ ഉണ്ടാക്കിക്കൊടുത്ത വ്യാജ സ്വർണം പണയം വെച്ച് മുക്കുപണ്ട തട്ടിപ്പു സംഘം തട്ടിയെടുത്തത് ലക്ഷങ്ങളാണ്. പേരകത്തെ ഒരു സ്ഥാപനത്തിൽ നിന്ന് അഞ്ചു തവണയായി വ്യാജമേൽവിലാസമുപയോഗിച്ച് 3,43,000 രൂപയാണ് സംഘം തട്ടിയത്. വെണ്ടൂരിൽ നിന്ന് 1,07,000 രൂപയും തലക്കോട്ടുകരയിൽ നിന്ന് പത്തൊന്പതിനായിരം രൂപയും തട്ടിയെടുത്തു.
പാവറട്ടിയിൽ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് അറുപതിനായിരം രൂപയും 55,000 രൂപയും മുക്കുപണ്ടം പണയം വെച്ച് തട്ടിയിട്ടുണ്ട്. വടക്കേകാടുള്ള സ്ഥാപനത്തിൽ നിന്ന് അന്പതിനായിരം രൂപയും വേലൂരിൽ നിന്ന് 2,43,000 രൂപയും തട്ടിയെടുത്തു. ഇവിടെയെല്ലാം ഒറിജിനലിനെ വെല്ലുന്ന തരത്തിൽ മുക്കുപണ്ടങ്ങൾ നിർമിച്ച് സംഘത്തിന് നൽകിയത് രാജേന്ദ്രനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നഗരങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളിൽ പോകാതെ സിസി ടിവി കാമറകളും സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ നൂതനശാസ്ത്രീയ മാർഗങ്ങളും ഇല്ലാത്ത പണമിടപാട് സ്ഥാപനങ്ങൾ കണ്ടെത്തി വ്യാജ മേൽവിലാസം നൽകി മുക്കുപണ്ടങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു തട്ടിപ്പു സംഘത്തിന്റെ രീതി.അറസ്റ്റിലായ പ്രതികളെയും കൊണ്ട് പണമിടപാടു സ്ഥാപനത്തിൽ പോലീസ് എത്തുന്പോഴാണ് അവർ തങ്ങൾ പണയമായി എടുത്തത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.