അടൂര്‍: പണയത്തിലുള്ള സ്വര്‍ണം എടുക്കാന്‍ സഹായിച്ചവരെ മുക്കുപണ്ടം നല്കി കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്.
പോലീസിലെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റാന്നി പെരുനാട് ഊളക്കാവില്‍ സന്ധ്യ (32)യാണ് അറസ്റ്റിലായത്.
റാന്നിയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ചിരുന്ന സ്വര്‍ണം എടുക്കാന്‍ സഹായം അഭ്യഥിച്ച് യുവതി ഏഴംകുളത്തെ സ്ഥാപനത്തിലെത്തിയതു മുതല്‍ ദുരൂഹതയുണ്ട്. യുവതിക്കെതിരെ പരാതി നല്കാന് ജീവനക്കാര്‍ ആദ്യം മടിച്ചുനിന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
റാന്നിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയത്തില്‍ ഇരിക്കുന്ന പത്തുലക്ഷം രൂപയുടെ 333 ഗ്രാം സ്വര്‍ണം എടുക്കാന്‍ സഹായം ആവശ്യപ്പെട്ടാണ് സന്ധ്യ ഏഴംകുളത്തെ ധനകാര്യ സ്ഥാപനത്തില്‍ എത്തിയതെന്ന് പറയുന്നു ഒന്നിച്ച് 10 ലക്ഷം രൂപ എടുക്കാനാകാത്തതിനാല്‍ 4.5 ലക്ഷം നല്‍കാമെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ സമ്മതിച്ചു.
ഇതനുസരിച്ച് ചൊവ്വാഴ്ച യുവതിയും ധനകാര്യ സ്ഥാപനത്തിലെ രണ്ടുപേരും കൂടി റാന്നിയിലെ ധനകാര്യ സ്ഥാപനതില്‍ എത്തി. യുവതി ഒറ്റയ്ക്കാണ് സ്ഥാപനത്തിനകത്തു കയറി പണയ ഉരുപ്പടി എടുത്തത്.
വൈകുന്നേരം നാലോടെ ഏഴംകുളത്തെ സ്ഥാപനത്തില്‍ തിരികെയെത്തി. 130 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അവിടെ നടന്ന പരിശോധനയില്‍ 51 ഗ്രാം സ്വര്‍ണവും 79 ഗ്രാം മുക്കുപണ്ടവുമാണെന്ന് വ്യക്തമായി. ഇതോടെ യുവതിയെ സ്ഥാപനത്തില്‍ തടഞ്ഞുവച്ചു.
രാത്രിയായിട്ടും വിവരം പോലീസിനു കൈമാറിയില്ല. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി വിവരം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.