തൊടുപുഴ: മുക്കുപണ്ടം പണയംവച്ച് സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയ യുവാവിനായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി. തൊടുപുഴക്കു സമീപം ആലക്കോടുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് യുവാവ് പണം തട്ടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ പല സ്ഥലത്തു നിന്നും ഇയാൾ പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്.
മാന്നാറിൽ നിന്നും മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചെന്ന് എസ്.ഐ.വി.സി.വിഷ്ണുകുമാർ പറഞ്ഞു. സിസിടിവി യിൽ നിന്നും ലഭിച്ച തട്ടിപ്പുകാരന്റെ ചിത്രം തിരിച്ചറിഞ്ഞാണ് തട്ടിപ്പിനിരയായ പലരും പോലീസുമായി ബന്ധപ്പെടുന്നത്.
ആലക്കോട്ടെ പണമിടപാട് സ്ഥാപനത്തിൽ വ്യാജ മേൽവിലാസം നൽകിയാണ് ഇയാൾ ഇവിടെ മുക്കുപണ്ടം പണയം വയ്ക്കാനെത്തിയത്. മനോജ് ഇടവെട്ടി എന്ന പേരിൽ എത്തിയ യുവാവ് പിതാവ് ആശുപത്രിയിലാണെന്നും ബിൽ അടക്കാൻ അടിയന്തിരമായി പണം ആവശ്യമായി വന്നതിനാലാണ് സ്വർണം പണയം വയ്ക്കാനെത്തിയതെന്നും സ്ഥാപനത്തിൽ പറഞ്ഞു.
തിടുക്കത്തിൽ വന്നതിനാൽ തിരിച്ചറിയൽ രേഖകൾ കൈവശമില്ലെന്നും ഇയാൾ അറിയിച്ചു. ചികിത്സാർഥമായതിനാൽ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ ഉരുപ്പടികൾ തൂക്കിനോക്കി പണം നൽകുകയായിരുന്നു. പിന്നീട് സംശയം തോന്നി സ്ഥാപന ജിവനക്കാർ ഇവ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ്് യുവാവ് നൽകിയ മേൽവിലാസത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് വിലാസം വ്യാജമാണെന്ന് വ്യക്തമായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും യുവാവ് സ്ഥാപനത്തിൽ നിന്നും പുറത്തു പോകുന്ന ചിത്രങ്ങൾ ലഭിച്ചു. ഇതുപയോഗിച്ചാണ് പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്.