പഴയങ്ങാടി: മുക്കുപണ്ടം ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി എറണാകുളത്ത് പിടിയിൽ. ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസ് (37) നെയാണ് പിടികൂടിയത്.
അന്വഷണ ഉദ്യേഗസ്ഥനായ സിഐ ഇ.എൻ.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം പഴയങ്ങാടി എസ്ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് കേസെടുത്തത്. 2022ൽ ഒക്ടോബർ 20 മുതൽ ഈ വർഷം ഫെബ്രുവരി ഒന്നുവരെയുള്ള കാലഘട്ടത്തിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമാണ് പണയം വച്ചത്.
330.6(41.2പവൻ) ഗ്രാം സ്വർണമാണ് പണയം വച്ചതെന്ന് കണ്ടെത്തി യിട്ടുണ്ട്. ആദ്യം പണയം വെച്ച സ്വർണത്തിന്റെ കാലാവധി ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.
തിരിച്ചെടുക്കാത്ത സ്വർണം ലേലത്തിൽ വിൽക്കുകയാണ് ബാങ്കുകൾ സ്വീകരിക്കുന്ന അടുത്ത നടപടി. ഇതിന് മുന്നോടിയായി പണയം വച്ച ആഭരണം പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്.
തുടർന്ന് ആഭരണം മുറിച്ചെടുത്ത് പരിശോധിക്കാൻ ബാങ്കിന്റെ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ ജൂലൈ മാസമാണ് അനുമതി ലഭിച്ചത്. ഇതേത്തുടർന്ന് പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്.
മൂന്ന് ഗ്രാം സ്വർണം പൂശിയ പൈപ്പ് ആഭരണമായിരുന്നു പണയം വച്ചത്.ആഭരണം തിരിച്ചെടുപ്പിച്ച് ബാങ്കിന് ലഭിക്കാനുള്ള പണം തിരികെപ്പിടിക്കാൻ ബാങ്ക് അധികൃതർ ഇയാളുമായി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതേത്തുടർന്നാണ് പരാതി നൽകിയത്. ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ് റിഫാസിന്റെ പ്രവർത്തന കേന്ദ്രം മലപ്പുറമാണ്. അവിടെ റിയൽഎസ്റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ തട്ടിപ്പുകളുമായി പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, പഴയങ്ങാടി സിഐ ടി.എൻ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഹമ്മദ് റിഫാസിനെ കണ്ടെത്താൻ ശ്രമത്തിനൊടുവിലാണ് എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്ന് പിടിയിലാവുന്നത്. പ്രതിയെ പയ്യന്നൂർ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.