ഗാന്ധിനഗർ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്ത യുവാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഇടുക്കി വാകത്താനത്ത് ബോബി ഫിലിപ്പിനെയാണ് (32)യാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുന്പ് ആർപ്പുക്കരവില്ലൂന്നി ഭാഗത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥപനത്തിൽ മൂന്നു പവന്റെ മുക്കുപണ്ടം പണയം വച്ച് അരലക്ഷം രൂപാ കൈവശപ്പെടുത്തിയ കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരിന്നു.
കഴിഞ്ഞ ദിവസം ഡിവൈഎസ്പി ആർ. ശ്രീകുമാറിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നു തൊടുപുഴയിൽനിന്നും ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ സമാനമായ നിരവധി കേസുകൾ ഇയാൾക്കെതിരേയുണ്ടെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് കെ.ജോസഫ് രാഷ്ട്രദീപികയോടു പറഞ്ഞു.
എസ്എച്ച്ഒയെ കൂടാതെ എസ്ഐ കെ. ദീപക്, എഎസ്ഐ എം.പി. സജി, സിപിഒമാരായ ഷൈൻ അനീഷ്, രാഗേഷ് എന്നിവരുടെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.