തലശേരി: മുക്കുപണ്ടം പണയം വച്ച് സഹകരണ – സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും അരക്കോടി രൂപ തട്ടിയെടുത്തു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നൂറു വർഷത്തെ പാരന്പര്യമുള്ള പ്രമുഖ സഹകരണ ബാങ്കിലും തലശേരി നഗരത്തിലെ രണ്ട് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമാണ് തട്ടിപ്പ് നടന്നത്.
സഹകരണ ബാങ്കിൽ നിന്നും 25 ലക്ഷം രൂപയാണ് മുക്കുപണ്ടം വെച്ച് തട്ടിയത്. തട്ടിപ്പ് പുറത്തായതോടെ പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ പേരിൽ പലിശ രഹിത വായ്പയെടുത്ത് പണം തിരിച്ചടച്ചതായും റിപ്പോർട്ട്.
തലശേരി മഞ്ഞോടി സ്വദേശിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നെന്നാണ് സൂചന.ബാങ്ക് സെക്രട്ടറിയുൾപ്പെടെ വൻ സംഘം ഈ തട്ടിപ്പിനു പിന്നിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സഹകരണ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം കുറ്റ്യാടിയിലെ മറ്റൊരു ബാങ്കിന്റെ ശാഖയിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ കൈപ്പറ്റിയ തുകയിൽ നിന്നും തട്ടിപ്പ് സംഘം ചില പ്രമുഖർക്ക് കമ്മീഷൻ നൽകിയതായും ആരോപണമുണ്ട്.
തട്ടിപ്പ് സംഘം പണയം വച്ച മുക്കുപണ്ടത്തിന്റെ പുറത്ത് സ്വർണം പൂശിയതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുക്കുപണ്ടം ഉരുക്കിയപ്പോൾ രണ്ട് ലക്ഷം രൂപയുടെ സ്വർണം ലഭിച്ചതായും വിവരമുണ്ട്.
മുന്പ് ഇതേ സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുകയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് പേരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
പണമില്ലാത്ത അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചും മറ്റ് ബാങ്കുകളുടെ ചെക്ക് ക്ലിയറൻസിന്റെ മറവിലുമാണ് അന്ന് തട്ടിപ്പ് നടന്നത്. ബാങ്കിൽ നടന്ന ഓഡിറ്റിംഗിലാണ് അന്നത്തെ തട്ടിപ്പ് കണ്ടെത്തിയത്.
രാജ്യത്തുടനീളം ശാഖകളുള്ള നഗരത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമാണ് സമാനമായ തട്ടിപ്പ് നടന്നിട്ടുള്ളത്. പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ഉൗർജിത ശ്രമത്തിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും.