തലശേരി: മുക്കുപണ്ടം പണയം വെച്ച് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നൂറു വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ സഹകരണ ബാങ്കിൽ നിന്നും കാൽകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പാർട്ടിതലത്തിൽ അന്വേഷണം തുടങ്ങി.
മുക്കുപണ്ട തട്ടിപ്പ് പുറത്തായതോടെ പുതിയതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ പേരിൽ പലിശരഹിത വായ്പയെടുത്ത് പണം തിരിച്ചടച്ച സംഭവത്തിൽ സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ലോക്കൽ കമ്മറ്റികളുടെയും ഏരിയാ കമ്മറ്റിയുടേയും കീഴിൽ പ്രവർത്തിക്കുന്ന സാധാരണക്കാരുടെ അത്താണിയായ സഹകരണ സ്ഥാപനത്തതിൽ നിരന്തരമായി നടക്കുന്ന സാമ്പത്തിക തിരിമറികൾ പാർട്ടി ഗൗരമായിട്ടാണ് എടുത്തിട്ടുള്ളത്.
ലെവി അടയ്ക്കുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനായി പാർട്ടി അംഗത്വം പുതുക്കാൻ പോലും തയാറാകാത്തയാളാണ് പാർട്ടി പടുത്തുയർത്തിയ ബാങ്കിന്റെ സെക്രട്ടറി പദവിയിലുള്ളതെന്ന് പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരുടെ ഒത്താശയോടെയല്ലാതെ ഇത്രയും വലിയ തുക മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുക്കാൻ സാധിക്കില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. നിസാര വിലയുള്ള സ്ഥലത്തിന് പൊന്നും വില കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതും ഈ ബാങ്കിൽ തന്നെയാണ്.
പാർട്ടിക്കുള്ളിൽ കടുത്ത ഗ്രൂപ്പിസം നിലനിൽക്കുന്ന പ്രദേശത്താണ് ബാങ്കിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിനു പിന്നിൽ അസിസ്റ്റന്റ് സെക്രട്ടറിയുടെ കരങ്ങളുളളതായും ആരോപണമുയർന്നിട്ടുണ്ട്.
അടുത്ത സെക്രട്ടറി പദവിയിലേക്ക് എത്തേണ്ട ഇയാൾ നിലവിലുള്ള സെക്രട്ടറിയെ കുടുക്കാൻ നടത്തിയ നീക്കമാണ് മുക്ക് പണ്ട തട്ടിപ്പിന് പിന്നിലെന്ന് സംശയിക്കുന്നതായും ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നും നാളേയുമായി നടക്കുന്ന പാർട്ടി യോഗങ്ങളിൽ വിഷയം സജീവ ചർച്ചയാകും. പാർട്ടി തലത്തിൽ നടക്കുന്ന അന്വേഷണത്തിൽ തത്ക്കാലം നടപടിയുണ്ടാകില്ലെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
തലശേരി മഞ്ഞോടി സ്വദേശിയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിന് വഴി ഒരുക്കിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പിലൂടെ കൈപ്പറ്റിയ തുകയിൽ നിന്നും കമ്മീഷൻ കൈപ്പറ്റിയ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും പാർട്ടിക്ക് ലഭിച്ചതായാണ് അറിയുന്നത്.
മുമ്പ് ഇതേ സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുകയും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ഉൾപ്പെടെ മൂന്ന് പേരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
പണമില്ലാത്ത അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചും മറ്റ് ബാങ്കുകളുടെ ചെക്ക് ക്ലിയറൻസിന്റെ മറവിലുമാണ് അന്ന് തട്ടിപ്പ് നടന്നത്. ബാങ്കിൽ നടന്ന ഓഡിറ്റിംഗിലാണ് അന്നത്തെ തട്ടിപ്പ് കണ്ടെത്തിയത്.