കണ്ണൂർ: കണ്ണൂരിലെ രണ്ട് ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുണ്ടയാട് സ്വദേശി ഹരിഹരൻ (52), അത്താഴകുന്നിലെ സിദ്ദീഖ് (57) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രിജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
നഗരത്തിലെ രണ്ട് ലോഡ്ജുകളിൽ നിന്നാണ് ഇന്നലെ പോലീസ് ഇവരെ പിടികൂടുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള പത്ത് ബാങ്കുകളിൽ ഇത്തരത്തിൽ സ്വർണം പണയം വെച്ച് പണം തട്ടിയിട്ടുണ്ടെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞിട്ടുണ്ട്.
നിലവിൽ മൂന്ന് പരാതികൾ മാത്രമാണ് ടൗൺ സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ളത്. ഇനിയും മൂന്ന് പ്രതികൾകൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. അവരുടെ കൂട്ടാളികളാണ് അറസ്റ്റിലായവർ. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ വലിയ തട്ടിപ്പ് മഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
മുക്കുപണ്ടം എത്തുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്ന്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്വർണമെന്ന് തോന്നിക്കുന്ന രീതിയിലുള്ള ആഭരണങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നാണ് തട്ടിപ്പ് നടത്തുന്നത്. കൂടുതലായും മാലകളാണ് ഇത്തരം തട്ടിപ്പ് നടത്താൻ സംഘങ്ങൾ തിരഞ്ഞെടുക്കുന്നത്.
മാലയുടെ കൊളുത്തിൽ സ്വർണം പൂശും. സ്വർണാഭരണം പണയം വെക്കാനെത്തുന്പോൾ ബാങ്കുകളിലും മറ്റും കൊളുത്തുകൾ മാത്രമാണ്പരിശോധിക്കുക. ഇത് തട്ടിപ്പ് സംഘങ്ങൾക്ക് കൂടുതൽ സഹായകമാകുന്നു.
ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇപ്പോൾ പിടിയിലായവർ വെറും ഏജന്റുമാർ മാത്രമാണെന്നും പോലീസ് പറഞ്ഞു.
മുഖ്യസൂത്രധാരനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. എസ്ഐമാരായ അനീഷ്, ബാബുപ്രസാദ്, ഹാരിസ്, യോഗേഷ്, സജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.