തിരുവനന്തപുരം: തിരുവല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ അബ്ദുൾ റഹ്മാൻ (42), വള്ളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് ഉച്ചയ്ക്ക് രണ്ടിന് കാറിലെത്തിയ പ്രതികൾ വണ്ടിത്തടം അപര്ണ ഫൈനാൻസിൽ 36 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണ്ണാഭരണങ്ങൾ പണയംവച്ച് 1,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
പ്രതികൾ പണം വാങ്ങി പുറത്തിറങ്ങിയ സമയം ഫിനാൻസ് ഉടമ പണയ രസീത് പരിശോധിച്ചു നോക്കിയപ്പോൾ പ്രതികൾ നൽകിയ മൊബൈൽ നമ്പരിൽ ഒന്പത്അക്കമേ ഉണ്ടായിരുന്നുള്ളൂ.
അവരെ തിരികെ വിളിക്കാനായി സ്ഥാപന ഉടമ പുറത്തിറങ്ങിയപ്പോൾ പ്രതികൾ കാറിൽ കയറി അതിവേഗം ഓടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് സ്വർണ്ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നും നൽകിയ രേഖകൾ വ്യാജമാണെന്നും തിരിച്ചറിഞ്ഞത്.
തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഫോർട്ട് എസിപി ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്എച്ച്ഒ സുരേഷ് വി. നായർ, എസ്ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീഷ് കുമാർ, സിപിഒമാരായ രാജീവ് കുമാർ, രാജീവ്, രമ, സെലിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ സമാന രീതിയിൽ പൂന്തുറ സ്റ്റേഷൻ പരിധിയിലും തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. അബ്ദുൾ റഹ്മാൻ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്.
പ്രതികൾ ഉപയോഗിച്ച കാർ, പെയിന്റിടിച്ച് നമ്പർ മായ്ച്ച നിലയിൽ പോലീസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.