പാലാ : ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ചും ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകളെകൊണ്ടു പണയം വയ്പിച്ചും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പോലീസ് പിടികൂടി. കുറുമണ്ണ് ചീരാംകുഴിയിൽ പ്രിൻസ് ജേക്കബ് (42) ആണ് പോലീസ് പിടിയിലായത്. പാലാ ഡിവൈഎസ്പി വി.ജി. വിനോദ് കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് സ്പെഷൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. പ്രിൻസിനു മുക്കുപണ്ടങ്ങൾ കൈമാറിയെന്ന് സംശയിക്കുന്ന ഒരാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.
പ്രദേശത്തെ വിവിധ സഹകരണ ബാങ്കുകൾ, കൊല്ലപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിൽ മുക്കുപണ്ടം പണയംവച്ചു പണം വാങ്ങിയതായി പ്രിൻസ് സമ്മതിച്ചുവെന്നു പോലീസ് പറഞ്ഞു. കൊല്ലപ്പള്ളിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ കുറച്ചുകാലം ഇയാൾ ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമായ ചില സ്ത്രീകളെക്കൊണ്ടു മുക്കുപണ്ടം പണയം വയ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വർണം തിരികെ എടുക്കാത്തതിനെത്തുടർന്ന് ഒരു സഹകരണ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണു തട്ടിപ്പു തെളിഞ്ഞത്.
ഇതോടെ പണയം വച്ച സ്ത്രീയെ വിളിച്ചുവരുത്തിയ ബാങ്ക് അധികാരികൾ എത്രയം വേഗം പണമടച്ച് ഉരുപ്പടികൾ കൈപ്പറ്റിയില്ലെങ്കിൽ കേസാക്കുമെന്നും മുക്കുപണ്ടമാണെന്നും അറിയിച്ചു. ഇവ തിരികെയെടുത്ത സ്ത്രീയും കുടുംബാംഗങ്ങളും പിന്നീടു പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാറിനെ വിവരം അറിയിച്ചു. ഇതേത്തുടർന്ന് പാലാ എസ്ഐ അഭിലാഷ് കുമാർ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സുനിൽകുമാർ, തോമസ് സേവ്യർ, എസ്. അനിൽകുമാർ എന്നിവർ ചേർന്നു കുറുമണ്ണിലെ വീട്ടിൽനിന്നു പ്രിൻസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാ സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.