ചങ്ങനാശേരി: ചെന്പിൽ സ്വർണം പൊതിഞ്ഞ് 916 രേഖപ്പെടുത്തി മുക്കുപണ്ടം പണയംവച്ച കേസിൽ അറസ്റ്റിലായ തിരുനെൽവേലി പുത്തൂർ സ്വദേശി ഉബൈദുള്ള (43) രാജ്യവ്യാപകമായി മുക്കുപണ്ടം തട്ടിപ്പ് നടത്തുന്ന കേസിലെ പ്രധാന കണ്ണിയെന്ന് പോലീസ്.
മുക്കുപണ്ടം തരപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടുന്ന രീതിയാണ് ഇയാൾ ഉൾപ്പെടുന്ന സംഘത്തിന്റേതെന്നും പോലീസ് പറയുന്നു.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നതിനാൽ പോലീസിന് ബുദ്ധിമുട്ടാകുന്നുണ്ട്. ഇയാൾ പണയം വച്ച മുക്കുപണ്ടം ചങ്ങനാശേരി നഗരത്തിലെ ഒരു ജ്വല്ലറിയുടെ എക്സറേ സംവിധാനത്തിൽ പരിശോധിച്ചിട്ടും 916 സ്വർണം എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ സ്വർണം മുറിച്ച് ഉരുക്കി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. വിദഗ്ധമായി മുക്കുപണ്ടം തട്ടിപ്പ് നടത്തുന്ന ആൾ കൂടിയാണ് അറസ്റ്റിലായ ഉബൈദുള്ളയെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിനു സമീപമുള്ള സലീം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ധനചക്ര എന്ന സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ 48 ഗ്രാം മുക്കുപണ്ടം പണയംവച്ച് 1,40,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പണമിടപാടുകാരന് ഇതുസംബന്ധിച്ച് സംശയം തോന്നിയിരുന്നു. ഇന്നലെ വീണ്ടും പണയം വയ്ക്കാനായി ഇയാൾ സ്വർണവുമായി എത്തിയപ്പോൾ ജീവനക്കാർ ചങ്ങനാശേരി പോലീസിൽ അറിയിക്കുകയായിരുന്നു.
ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, സിഐ പി.വി. മനോജ് കുമാർ എന്നിവരുടെ നിർദേശ പ്രകാരം പ്രിൻസിപ്പൽ എസ്ഐ ഷമീർഖാൻ, എസ്ഐ രമേഷ് ബാബു, ജൂണിയർ എസ്ഐ ധന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. പോലീസ് ചോദ്യം ചെയ്തപ്പോൾ സ്വർണം തന്റെ സഹോദരി നല്കിയതാണെന്നാണ് ആദ്യം ഇയാൾ പറഞ്ഞത്. എന്നാൽ പിന്നീട് ചോദ്യം ചെയ്തപ്പോൾ സ്വർണം ഇയാളുടെ സുഹൃത്തിനോട് വാങ്ങിയെന്നാണെന്നും ഇയാൾ പറയുന്നു.