കാലടി: കാഞ്ഞൂർ കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കം പണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പോലീസ് നീരിക്ഷണത്തിൽ. നാലു പ്രതികളാണ് കേസിലുള്ളത്. പ്രതികൾക്കെതിരേ കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കാലടി പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു.
സ്ഥാപനത്തിലെ അപ്രൈസർ (സ്വർണം പരിശോധിക്കുന്നയാൾ) ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വർണമാണെന്ന് അറിഞ്ഞിട്ടും ഇക്കാര്യം ബാബു മറച്ചുവച്ചുവച്ചന്നാണ് പോലീസ് പറയുന്നത്. കമ്മീഷൻ വ്യവസ്ഥയിൽ ചിട്ടി കാൻവാസിംഗ് നടത്തി വന്ന ഏജന്റടക്കം മൂന്നു പേരാണ് തട്ടിപ്പ് നടത്തിയത്. ഒന്നര മാസത്തിനുള്ളിൽ മൂന്നു തട്ടിപ്പുകളാണ് ബ്രാഞ്ചിൽ നടന്നതെന്നാണ് ബ്രാഞ്ച് മാനേജർ പറയുന്നത്.
ശ്രീമൂലനഗരം സ്വദേശിയായ ഏജന്റ് പണയത്തിനായി കൊണ്ടു വന്ന സ്വർണമാണ്, തൂക്കത്തിലെ കുറവും അസാധാരണമായ നിറവ്യാത്യാസത്തിലും സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തിയത്. പരിശോധനയിൽ സ്വർണം വ്യാജമാണെന്ന് അറിഞ്ഞതിനാൽ ക്യാരക്ടർ അനലൈസർ ഉപയോഗിച്ച് വീണ്ടും നടത്തിയ പരിശോധനയിലും മുക്കുപണ്ടമാണെന്ന് തെളിഞ്ഞതായി മാനേജർ പറഞ്ഞു.
തുടർന്ന് മുൻകാലങ്ങളിൽ ഇയാൾ പണയം വച്ചിരുന്ന സ്വർണം പരിശോധിച്ചപ്പോൾ അതും വ്യാജമാണെന്ന് തെളിഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നും മാനേജർ പറഞ്ഞു.ശ്രീമൂലനഗരം സ്വദേശിയെ കൂടാതെ വെള്ളാരപ്പിള്ളി സ്വദേശികളായ രണ്ടു പേരും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും മാനേജർ പറഞ്ഞു. ഇതിനിടയിൽ പണം തിരിച്ചു നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നതായും ആരോപണമുണ്ട്.
എന്നാൽ ബ്രാഞ്ച് മാനേജർ പരാതിയിൽ ഉറച്ച് നിന്നു. മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തെളിവുകൾ പൂർണമായും ശേഖരിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കാലടി എസ്ഐ റിൻസ് എം.തോമസ് അറിയിച്ചു.