പയ്യന്നൂര്‍: ഇരുപത്തിയഞ്ച് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം ബാങ്കില്‍ പണയം വെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാനെത്തിയ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നീലേശ്വരം, പാടിയോട്ട്ചാല്‍ എന്നിവിടങ്ങളിലെ സൊസൈറ്റികളില്‍ മുക്ക്പണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.ഈ സംഭവങ്ങളില്‍ രണ്ടു കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ രണ്ടുപേരെകൂടി പിടികൂടാനായുള്ള തെരച്ചില്‍ പോലീസ് തുടരുന്നു.
മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഹോസ്ദുര്‍ഗ് പുത്തരിയടുക്കം നീലായിലെ വയറിംഗ് തൊഴിലാളി വല്ലോംപറമ്പില് ഹൗസില്‍ രാജന് (39), ഹോട്ടല്‍ തൊഴിലാളി ചെറുപുഴ പാടിയോട്ടുചാലിലെ ചിറയ്ക്കല്‍ ഹൗസില്‍ ബൈജു(38), പോത്ത് കച്ചവടക്കാരന് മാടായി വെങ്ങരയിലെ പുന്നക്കന്‍ ഹൗസില്‍ മന്‍സൂര്‍ (36), പ്രദര്‍ശന നഗരികളില്‍ സ്റ്റാളുകള്‍ നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി ബാവക്കോട് സ്വദേശി പി. ഷാജഹാന് (33) എന്നിവരെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്ത് വന്നത്.
മുക്കുപണ്ടം പണയം വെച്ച് നീലേശ്വരം അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 2,15,000 രൂപയും ചെറുപുഴ മര്‍ച്ചന്റ് വെല്ഫേര് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാടിയോട്ട്ചാല്‍ ശാഖയില്‍നിന്ന് 3,30,000 രൂപയും ഇവര്‍ കൈക്കലാക്കിയതായി പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഈ രണ്ട് സംഭവങ്ങളിലും പയ്യന്നൂര്‍ പോലീസ് കേസെടുത്തു.കേസുകള്‍ അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുമെന്ന് പയ്യന്നൂര്‍ സിഐ എ.വി.ദിനേശ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ഇവര്‍ നടത്തിയ തട്ടിപ്പുകളെപ്പറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അതേപ്പറ്റി അന്വേഷിച്ചു വരികയാണ്. വെങ്ങര സ്വദേശിയായ മന്‍സൂറിന്റെ പേരില്‍ പഴയങ്ങാടി സ്റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ നഗരത്തിലെ പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയിലാണ് ഇവര്‍ മുക്കുപണ്ടവുമായി എത്തിയത്.അഞ്ച് നെക്ലേസ് മാതൃകയിലുള്ളതുള്പ്പെടെ 180 ഗ്രാമിലേറെ തൂക്കമുള്ള ഏഴ് മാലകളുമായി ബാങ്കിലെത്തിയ രാജനും ബൈജുവും അഞ്ചുലക്ഷം രൂപയാണ് വായ്പയായി ആവശ്യപ്പെട്ടത്. മറ്റുള്ളവര്‍ പുറത്തുനില്‍ക്കുകയുമായിരുന്നു. ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ബാങ്കിലെ അപ്രൈസറും ജീവനക്കാരും ബാങ്ക് മാനേജര്‍ കെ.എം. നാരായണനെ കാര്യങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.
പയ്യന്നൂര്‍ സിഐ എ.വി. ദിനേശന്റെ നിര്‍ദ്ദേശ പ്രകാരം ബാങ്കിലെത്തിയ എസ്ഐ ശ്രീജിത് കൊടേരിയും സംഘവും രാജനേയും ബൈജുവിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പണയ ഉരുപ്പടി മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും കൂട്ടാളികളെപ്പറ്റിയുള്ള സൂചന ലഭിച്ചതും. ഇതേതുടര്‍ന്ന് ഉടന്‍തന്നെ പോലീസ് നഗരത്തില്‍ വ്യാപകമായി നടത്തിയ തെരച്ചിലിലാണ് സഹകരണ ആശുപത്രി പരിസരത്ത് നിന്ന് മറ്റുരണ്ടുപേരെകൂടി പിടികൂടാന്‍ കഴിഞ്ഞത്. പോലീസിനെ കണ്ട് ഇന്നോവ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കാറുള്‍പ്പെടെ പോലീസ് പിടികൂടിയത്.
സംഘത്തിലെ മുഖ്യസൂത്രധാരന്‍ കരുനാഗപ്പള്ളി സ്വദേശി ഷാജഹാനാണെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് പണയം വയ്ക്കാനായി തിരൂര്പൊന്ന് വാങ്ങിക്കൊടുക്കുന്നത്.സിപിഒമാരായ ടി.കെ.ഗിരീഷ്, ഇ.സുമേഷ്,കെ. പ്രിയേഷ്, വി.വി.അഭിലാഷ്, രജീഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തട്ടിപ്പുസംഘത്തെ പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.