തലശേരി: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ നിരവധി സഹകരണ-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടന്നിട്ടുള്ളതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി.
തട്ടിപ്പ് സംഘത്തിന് പണയം വയ്ക്കുന്നതിനായി പ്രത്യേകതരം ലോക്കറ്റ് നിർമിച്ചു നൽകുന്ന സംഘവും പ്രവർത്തിച്ചു വരുന്നുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രമുഖ സഹകരണ ബാങ്കിൽ അഞ്ചു തവണയാണ് ഈ സംഘം മുക്കുപണ്ടം പണയം വെച്ചത്. അഞ്ച് തവണയും പണയം വെച്ചത് ഒരേ മോഡലിലുളള ലോക്കറ്റുകളായിട്ടും പണയ ഉരുപ്പടി പരിശോധിച്ചവരുൾപ്പെടെയുള്ള ജീവനക്കാർക്ക് സംശയം തോന്നിയില്ലായെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതായി സഹകരണ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ആഭരണങ്ങൾ മാത്രമേ പണയ ഉരുപ്പടിയായി എടുക്കാവൂവെന്നാണ് നിയമം. ഇത്രയേറെ ലോക്കറ്റുകൾ ഒരു വീട്ടിൽ ഉണ്ടാകുമോയെന്ന സാമാന്യ സംശയം പോലും ബാങ്കിനുണ്ടായില്ലന്നതും ശ്രദ്ധേയമാണ്.സംഭവത്തെക്കുറിച്ച് സഹകരണ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഗോൾഡ് കൊയിൻ മോഡലിൽ നിർമ്മിച്ച മുക്കുപണ്ടത്തിൽ കൊളുത്ത് ഘടിപ്പിച്ച് ലോക്കറ്റാക്കി രൂപപ്പെടുത്തിയാണ് പണയ ഉരുപ്പടി നിർമ്മിച്ചിട്ടുള്ളത്. തലശേരിയിലെ സ്വകര്യ ധനകാര സ്ഥാപനത്തിൽ പണയം വെച്ച ലോക്കറ്റുകൾ മുക്കുപണ്ടമാണെന്ന വിവരം പുറത്തുവന്നതോടെയാണ് പ്രമുഖ സഹകരണ ബാങ്കും പണയ ഉരുപ്പടി പരിശോധിക്കാൻ തയാറായത്.
പരിശോധയിൽ മുക്കുപണ്ടമാണെന്ന് വ്യക്തമായിട്ടും പണയം വെച്ച സംഘത്തെ വെളിച്ചത്ത് കൊണ്ടു വന്ന് പണം ഈടാക്കാതെ ജീവനക്കാരുടെ പേരിൽ പലിശ രഹിത ലോണെടുത്ത് തുക അടച്ച ബാങ്ക് അധികൃതരുടെ നടപടിയും ദുരൂഹത ഉളവാക്കുന്നു.
മുക്കുപണ്ടം പണയം വെച്ചത് അണ്ടല്ലൂർ സ്വദേശിയും ഇപ്പോൾ മഞ്ഞോടിയിൽ താമസക്കാരനുമായ വ്യക്തിയാണ്. പണയം വെച്ച തുക കുറ്റ്യാടിയിലെ ഒരു അക്കൗണ്ടിലേക്കാണ്ട് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് നീങ്ങാതിരിക്കാൻ ചില കേന്ദ്രങ്ങൾ നീക്കമാരംഭിച്ചിട്ടുണ്ട്.
2019 ജൂണിലാണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചത്. കണ്ണൂർ, കുറ്റ്യാടി, കോഴിക്കോട് ടൗൺ തുടങ്ങിയ പ്രദേശങ്ങളിലെ ബാങ്കുകളിലും സംഘം മുക്കുപണ്ടം പണയം വെച്ചിട്ടുണ്ട്.
തലശേരിയിലും ധർമ്മം മണ്ഡലത്തിലും മുക്കുപണ്ടം പണയം വെച്ചയാൾ ഏജന്റ് മാത്രമാണെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. പിന്നിലെ വൻ റാക്കറ്റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.