റെജി കലവൂർ
ആലപ്പുഴ: സംസ്ഥാനത്തെ നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ച് മുക്കുപണ്ടതട്ടിപ്പ് വ്യാപകമാകുന്നു. അല്പം പോലും സ്വർണം ചേർക്കാതെ പിത്തളയും ചെന്പും ശാസ്ത്രീയമായി ഉരുക്കിനിർമിച്ച പണ്ടങ്ങളാണ് നാട്ടിൻപുറങ്ങളിലെ സ്വകാര്യ ബാങ്കുകളിൽ തമിഴ്സംഘങ്ങൾ പണയം വയ്ക്കുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് പണ്ടങ്ങൾ.
യഥാർഥ സ്വർണാഭരണങ്ങളെപ്പോലും പിന്നിലാക്കുന്നതരത്തിലാണ് ഇവയുടെ നിർമാണം. 916 മുദ്ര വിദഗ്ധമായി മുദ്രണം ചെയ്തിട്ടുള്ള ആഭരണങ്ങൾ വ്യാജനാണോയെന്ന് കണ്ടെത്താൻ ഏറെ പരിശോധനകൾ വേണ്ടിവരും.സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, കൊച്ചി, ഇടുക്കി എന്നീ ജില്ലകളിലാണ് തട്ടിപ്പുസംഘം പ്രധാനമായും വിലസുന്നത്.
കുണ്ടറ, തൊടുപുഴ, കുട്ടനാട്, പ്രദേശങ്ങളിൽ ഇത്തരം വ്യാജ ആഭരണങ്ങൾ പണയം വച്ച് അരക്കോടി രൂപയോളം തട്ടിയെടുത്തു. കുട്ടനാട്ടിലെ ചെറുക്കരിയിലെ രണ്ടു സ്ഥാപനങ്ങളിൽ നിന്നും നാലു ലക്ഷവും കുണ്ടറയിൽ നിന്നും പത്തുലക്ഷവും തൊടുപുഴയിൽ നിന്നും രണ്ടു ലക്ഷവും ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ തട്ടിയെന്നാണ് കണക്ക്.
ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷനാണ് തട്ടിപ്പുവിവരം പുറത്തുവിട്ടത്. അസോസിയേഷനുകീഴിൽ കേരളത്തിലെ ഗ്രാമമേഖലയിൽ 5000 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മൂന്നുജില്ലകളിൽ വ്യാജ ആഭരണം കണ്ടെത്തിയതോടെ മുഴുവൻ ഗ്രാമമേഖലകളിലെയും സ്ഥാപനങ്ങളിലെ ആഭരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ അസോസിയേഷൻ നിർദേശം നൽകി കഴിഞ്ഞു.
വ്യാജപണ്ടങ്ങൾ പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് തന്പടിക്കുന്നതായാണ് സൂചന.ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടത്തരം ഫൈനാൻസ് സ്ഥാപനങ്ങളിൽ വലിയ പരിശോധനകളോ തിരിച്ചറിയൽ സംവിധാനങ്ങളോ ഇല്ലാത്ത സാഹചര്യം മുതലാക്കിയാണ് തമിഴ് സംഘങ്ങൾ തട്ടിപ്പിന് കളമൊരുക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെ ഏതെങ്കിലും മേൽവിലാസം നൽകിയാണ് പണയം വയ്ക്കുന്നത്. തട്ടിപ്പ് സംഘത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ അതത് ജില്ലാ പോലീസ് മേധാവികൾക്ക് പരാതി നൽകിയിരിക്കുകയാണ്.