ഇരിട്ടി: ഇരിട്ടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ സൂചന ലഭിക്കാതെ പോലീസ്. വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഉടമകളില്ലാത്ത സമയത്താണ് പര്‍ദ ധരിച്ചത്തിയ യുവതി ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍ പണയംവച്ച് പതിനായിരങ്ങള്‍ കവര്‍ന്നത്.
ഇരിട്ടിയിലെ നാല് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സമാനമായ രീതിയില്‍ പണം കവര്‍ന്നതോടെയാണ് ഉടമകള്‍ പരാതിയുമായി ഇരിട്ടി സിഐക്കു മുന്നിലെത്തിയത്. താലിയും കൊളുത്തും ഒറിജിനലും മാല മുക്കുപണ്ടവുമാണ്. ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങള്‍ കൊളുത്താണ് പ്രധാനമായും നോക്കുന്നതെന്ന മനസിലാക്കിയാണ് തട്ടിപ്പ്. ആകര്‍ഷകമായ രീതിയില്‍ വസ്ത്രം ധരിച്ച നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന യുവതിയാണ് പല വേഷങ്ങളിലെത്തി തട്ടിപ്പ് നടത്തിയത്.
എടക്കാനം, പുന്നാട്, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അജ്ഞാതമേല്വിലാസവും വ്യാജ മൊബൈല്‍ നമ്പറുമാണ് സ്ഥാപനങ്ങളിൽ നൽകിയത്. ഓരോ സ്ഥാപനത്തിലും അവസാനത്തെ അക്കങ്ങൾ മാറ്റിയാണ് മൊബൈൽ നന്പർ നല്‍കിയിട്ടുള്ളത്. ധനകാര്യസ്ഥാപനങ്ങളിലെത്തിയ യുവതി ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് തിടുക്കം കാണിച്ചാണ് മുക്കുപണ്ടം പണയംവച്ചത്.
ഒറിജിനലിനെ വെല്ലുന്ന ആഭരണങ്ങളായതിനാൽ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ തട്ടിപ്പിനിരയായത്. ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു