തൃക്കരിപ്പൂർ: മാറിയ കാലത്ത് കള്ളൻമാർ ഇനി ജാഗ്രത പാലിക്കേണ്ടി വരും. കവർച്ച നടത്തിയ ആഭരണങ്ങൾ മുക്കുപണ്ടമാണോ എന്ന് നോക്കേണ്ട അവസ്ഥയിലാണ് അവർ. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ പ്രവാസിയുടെ വീട്ടിൽ വീട്ടുകാരില്ലാത്ത സമയത്ത് കവർച്ച നടന്ന വിവരം നാടെങ്ങുമറിഞ്ഞെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടെന്ന ആശങ്കയോടെ നാട്ടുകാരും പോലീസുമെത്തിയപ്പോഴാണ് കള്ളൻമാർക്കും അക്കിടി പറ്റുമെന്ന് മനസിലായത്.
വീട്ടുകാർ പുറത്തു പോയ വേളയിൽ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് കിടപ്പുമുറികളിൽ സൂക്ഷിച്ച ആഭരണങ്ങൾ മുഴുവൻ കൊണ്ട് പോയി.
40 പവനിലധികം തൂക്കമുള്ള വിദേശ നിർമിത മുക്ക് പണ്ടമാണ് നഷ്ടപ്പെട്ടത്. ഇതോടൊപ്പം അര പവൻ സ്വർണവും 5000 രൂപയും മാത്രമാണ് വീട്ടുകാർക്ക് നഷ്ടമായത്. വീടിന് പിന്നിലെ ഷെഡിലുണ്ടായിരുന്ന പിക്കാസും പാരയും കൈക്കോട്ടുമെടുത്താണ് വീടിന്റെ വാതിൽ തകർത്തത്. കിട്ടിയതൊക്കെ എടുത്തു സ്ഥലം വിട്ട കള്ളന് ഇങ്ങനെയൊരു അക്കിടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.