പയ്യന്നൂര്‍: മൂന്നുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിന്റെ അന്വേഷണം അനിശ്ചിതത്വത്തില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരുവര്‍ഷവും തട്ടിപ്പില്‍ പങ്കാളികളായവരെ പ്രതിചേര്‍ക്കാനുള്ള നിയമോപദേശം ലഭിച്ചിട്ട് ഒരുമാസവും പിന്നിട്ടിട്ടും സ്വീകരിക്കേണ്ട തുടര്‍നടപടികളാണ് അനിശ്ചിതത്വത്തിലായത്.
മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപന്റെ മൊഴിയനുസരിച്ച് പണം വാങ്ങിയവരായി കണ്ടെത്തിയ മലപ്പുറത്തെ സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, തൃശൂര്‍ ചാവക്കാട്ടെ ചാണ്ടി കുര്യൻ, വെള്ളൂരിലെ രമേശന്,മുക്കുപണ്ടം പരിശോധിച്ച് സ്വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തിയ അപ്രൈസര്‍ ടി.വി.മോഹനന്, സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ച ലക്ഷ്മണന് എന്ന രാജന് എന്നിവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
പണം വാങ്ങിയതിനും കൊടുത്തതിനും തെളിവുകളും സാക്ഷിമൊഴികളുമുള്ളതിനാല് ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.എന്നാല്‍ ഒരുമാസമായിട്ടും ഇവരെ പ്രതിചേര്‍ക്കുന്നതിനോ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. കരിവെള്ളൂര്‍ ബസാറില്‍ വീവേഴ്സ് സൊസൈറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് 2,98,49,090 രൂപയുടെ വെട്ടിപ്പ് നടന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.
പണത്തിനുള്ള ഈടായി വാങ്ങിയിരിക്കുന്നത് 13,287.6 ഗ്രാം മുക്കുപണ്ടങ്ങളാണെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 11ന് തളിപ്പറമ്പ് സഹകരണ ഇന്‍സ്പെക്ടര്‍ ഷൈന നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം പണയവസ്തുവായി വച്ച് കോടികള്‍ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നത്.
സൊസൈറ്റി പ്രസിഡന്റ് എ.വി.ഗിരീശന് ഇതുസംബന്ധിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചത്.സെക്രട്ടറി കരിവെള്ളൂര്‍ തെരുവിലെ കെ.വി.പ്രദീപനെയും തൃക്കരിപ്പൂര്‍ മാണിയാട്ട് സ്വദേശിയും കരിവെള്ളൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമായ കെ.പ്രശാന്തിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇടപാടുകാര്‍ പോലുമറിയാതെ സ്വര്‍ണം വേറെ ബാങ്കില്‍ പണയം വച്ച് പണമെടുത്തതായും പലരുടെയും പേരില്‍ മുക്കുപണ്ടം വച്ച് പണമെടുത്തിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാന്‍ സൊസൈറ്റിയില്‍ കവര്‍ച്ച നടത്തി മുക്കുപണ്ടം മാറ്റുന്നതിനും രേഖകള്‍ തീയിട്ട് നശിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നതായും സെക്രട്ടറി പോലീസിനോട് സമ്മതിച്ചിരുന്നു.
പക്ഷേ തട്ടിപ്പ് പുറത്തായി നാളേക്ക് ഒരു വര്‍ഷമായിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനോ കുറ്റപത്രം നല്‍കുന്നതിനോ പോലീസിന് കഴിഞ്ഞിട്ടില്ല.പണയ വസ്തുക്കള്‍ മുക്കുപണ്ടം തന്നെയാണോ എന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെയായിട്ടും ലഭിക്കാതിരുന്നതാണ് കുറ്റപത്ര സമര്‍പ്പണത്തിന് തടസമായതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
തട്ടിപ്പിലൂടെയുള്ള പണം കൈപ്പറ്റിയവര്‍ക്കെതിരെ കേസെടുക്കുന്നതിനുള്ള നിയമോപദേശം കിട്ടിയിട്ട് ഒരുമാസമായിട്ടും അവരെ കേസില്‍ പ്രതി ചേര്‍ത്ത് കേസന്വേഷണം ഊര്‍ജിതമാക്കുന്നതിനും പോലീസിനായില്ല.ഇതിനുശേഷം നിയമോപദേശം ലഭിച്ച റിട്ട.സഹകരണ രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംബരത്തെ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തഹസില്‍ദാറെയും വില്ലേജ് ഓഫീസറെയും പോലീസ് പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു.