മുക്കൂട്ടുതറ കൊല്ലമുളയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ സംബന്ധിച്ച വിവരശേഖരണത്തിനായി പോലീസ് സ്ഥാപിച്ച വിവിധ പെട്ടികളില്‍നിന്നു ലഭിച്ച അഞ്ച് കത്തുകള്‍ നിര്‍ണായക വഴിത്തിരിവെന്ന് അന്വേഷണസംഘം. ഇവയിലെ വിവരങ്ങള്‍ സംബന്ധിച്ചു വിശദമായ പരിശോധന നടത്തുമെന്നും പ്രാഥമിക അന്വേഷണത്തിനായി ഈ കത്തുകള്‍ സൈബര്‍ സെല്ലിനു കൈമാറിയെന്നും ജില്ലാ പോലീസ മേധാവി ടി. നാരായണന്‍ അറിയിച്ചു.
ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം വിവരശേഖരണത്തിനായി 12 പെട്ടികളാണ് സ്ഥാപിച്ചിരുന്നത്. ജെസ്‌നയുടെ വീടിനു സമീപപ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് പരിസരത്തുമാണ് പെട്ടികള്‍ സ്ഥാപിച്ചത്. വീടിനു സമീപപ്രദേശങ്ങളിലെ പെട്ടികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. കത്തിന്റെ രഹസ്യസ്വഭാവം മൂലം കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. അഞ്ചു ദിവസത്തിനുളളില്‍ അമ്പതിലേറെ കത്തുകള്‍ ലഭിച്ചു. അഞ്ചു കത്തുകളിലൊഴികെ കെട്ടുകഥകളും അഭ്യൂഹങ്ങളും മാത്രമാണ്. വിവരശേഖരണ പെട്ടികള്‍ അതാത് ഇടങ്ങളില്‍ വീണ്ടും സ്ഥാപിക്കും. അഞ്ചുദിവസം കഴിഞ്ഞ് പരിശോധിക്കും.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ മാര്‍ച്ച് 22 മുതലാണ് കാണാതായത്. കൊല്ലമുളയിലെ വീട്ടില്‍നിന്നും പിതൃസഹോദരിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായെന്നാണ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ, ബംഗളൂരു, ഗോവ, പൂന എന്നിവിടങ്ങളിലേക്കു പോയ പോലീസ് സംഘം ഇന്നു തിരിച്ചെത്തും. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷമായിരിക്കും തുടര്‍നീക്കം. നാലു സ്ഥലങ്ങളിലെയും മലയാളി അസോസിയേഷനുകള്‍, പള്ളി ഭാരവാഹികള്‍ എന്നിവരുമായി അന്വേഷണസംഘം ചര്‍ച്ച നടത്തി. അന്വേഷണ സംഘമെത്തിയ സ്ഥലങ്ങളിലെല്ലാം ജെസ്‌നയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.