യുവജനോത്സവ വേദിയിൽ നിന്നു സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് വിനീത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. സ്റ്റേജ് പരിപാടികളിളും സജീവമായി താരമുണ്ടാവാറുണ്ട്. അടുത്തിടെയായിരുന്നു താരം കൊച്ചിയിൽ നൃത്തവിദ്യാലയം തുടങ്ങിയത്.
ഇപ്പോഴിതാ വിനീതിനരികിൽ നൃത്തം അഭ്യസിക്കാൻ പോവുന്ന സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് നടി മുക്ത. വിവാഹത്തോടെയാണ് മുക്ത അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നൃത്തം അഭ്യസിക്കാൻ പോവുന്നതിന്റെ സന്തോഷം മുക്ത പങ്കുവച്ചത്. നാത്തൂനായ റിമി ടോമിയുൾ പ്പെടെ നിരവധി പേരാണ് മുക്തയുടെ പുതിയ തീരുമാനത്തിന് കൈയടിയുമായി എത്തിയിട്ടുള്ളത്.
രഞ്ജിനി ജോസ്, സരയു മോഹൻ തുടങ്ങിയവരും താരത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താനെന്ന് മുക്ത നേരത്തെ തെളിയിച്ചിരുന്നു. മുക്തയുടെ പോസ്റ്റ് ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നൃത്തവേഷത്തിലുള്ള ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരുന്നു. എന്നെ കുഞ്ഞിലേ മുതൽ പഠിപ്പിച്ച എല്ലാ ഗുരുക്കളെയും (ചന്ദ്രിക ടീച്ചർ, രവി മാഷ്, ജിബി മാഷ്) ഓർത്തു കൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു. ഒരു സിനിമയിൽ വിനീത് ഏട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സിനിമയുടെ പേര് സുഖമായിരിക്കട്ടെ . ഇപ്പോൾ അങ്ങയുടെ നൃത്ത വിദ്യാലയത്തിൽ പഠിക്കാൻ ദൈവം അവസരം ഒരുക്കിത്തന്നു. ഒരുപാട് സന്തോഷം- മുക്ത കുറിച്ചു.