കുമരകം: വിനോദ സഞ്ചാര കേന്ദ്രമായ കുമരകം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള ശ്രമത്തിലൂടെ ഡൽഹി സ്വദേശിയായ മുക്താർ കണ്ടെത്തുന്നതു കുടുംബം പോറ്റാനുള്ള വരുമാനമാർഗം കൂടിയാണ്.
കഴിഞ്ഞ പത്ത് വർഷങ്ങളായി വഴിയോരങ്ങളിൽ പുലർച്ചെ 4.30 മുതൽ സൈക്കിൾ റിക്ഷയിൽ എത്തി പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും ശേഖരിക്കുന്ന മുക്താർ നടത്തുന്നത് അവഗണിക്കാനാവാത്ത പരിസ്ഥിതി സംരക്ഷണം കൂടിയാണ്.
തന്റെ സൈക്കിൾറിക്ഷയുടെ പിന്നിൽ പ്ലാസ്റ്റിക് ചാക്കുകൾ തുന്നിച്ചേർത്ത് സജ്ജീകരിച്ചിരിക്കുന്ന സംഭരണി നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകൊണ്ട് നിറയുന്പോൾ ലഭിക്കുന്നത് തന്റെയും ഡൽഹിയിലുള്ള കുടുംബാംഗങ്ങളുടെയും നിത്യച്ചെലവിനുള്ള വരുമാനമാർഗം കൂടിയാണ്.
കുമരകം പഞ്ചായത്തിലെ ഓരോ വീടുകളിൽനിന്നും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ഹരിത കർമ സേനാംഗങ്ങളെത്തി ശേഖരിക്കുന്നുണ്ട്.
എന്നിട്ടുപോലും കുമരകത്തെ വഴിയോരങ്ങളിൽനിന്നും നിത്യേന 60 മുതൽ 100 കിലോ വരെ പ്ലാസ്റ്റിക് പെറുക്കിയെടുക്കാൻ കഴിയുന്നുണ്ടെന്നാണ് മുക്താർ അവകാശപ്പെടുന്നത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് മന്ദഗതിയിലാണു കുമരകം ടൂറിസമെങ്കിലും ദിനംപ്രതി ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ കഴിയുന്നുണ്ടെന്ന മുക്താറിന്റെ അവകാശവാദം സാധൂകരിക്കാൻവേണ്ട തെളിവാണ് സൈക്കിൾ റിക്ഷയുടെ പിന്നിൽ കാണുന്ന പ്ലാസ്റ്റിക് മാലിന്യശേഖരം.
ദിവസേന 600 രൂപ മുതൽ 1000 രൂപാ വരെ പ്ലാസ്റ്റിക് വിറ്റു ലഭിക്കുന്നുണ്ടെന്നും മുക്താർ പറയുന്നു.
കുമരകം ഗ്രാമത്തിലെ വഴിയോരങ്ങളിൽനിന്നും ഇത്രയും ഏറെ പ്ലാസ്റ്റിക് ശേഖരിക്കാൻ കഴിയണമെങ്കിൽ പ്ലാസ്റ്റിക് ഉപയോഗം എത്രയെന്ന് ചിന്തിച്ച് നാം അത്ഭുതപ്പെടും.
മുക്താറിനെ പോലെ പല അന്യസംസ്ഥാനക്കാരും ഇതേതൊഴിൽ ചെയ്യുന്നുണ്ട് എന്നതുകൂടി കണക്കിലെടുക്കണം. കുമരകം പള്ളിച്ചിറയ്ക്കു സമീപം വാടക വീട്ടിൽ താമസിച്ചാണു മുക്താർ പരിസ്ഥിതി സംരക്ഷണം നടത്തി വരുന്നത്.