കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയെങ്കിലും മുകുൾ റോയ്യിൽനിന്നും ബിജെപി പൂർണമായും വിട്ടുപോയിട്ടില്ലെന്ന് ആരെങ്കിലും കുറ്റംപറഞ്ഞാൽ തെറ്റുപറയാനാവില്ല.
തൃണമൂലിലേക്ക് മടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വരുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്നാണ് മുകുൾ റോയ്യുടെ പ്രവചനം.
തൃപുരയിലും ബിജെപി വെന്നിക്കൊടി പാറിയ്ക്കുമത്രെ. റോയ്യുടെ പ്രസ്താവനകേട്ട് പാർട്ടിക്കാർ മാത്രമല്ല പത്രക്കാരും ഞെട്ടി. ഉടനെ അദ്ദേഹം തനിക്കുവന്ന നാവുപിഴ മനസിലാക്കുകയും വേഗം തിരുത്തുകയും ചെയ്തു.
എന്നാൽ സംഭവം ബിജെപി ഏറ്റെടുത്തു. റോയ്യുടെ വായിൽനിന്നും അറിയാതെ സത്യം പുറത്തുവന്നതാണെന്നാണ് ബിജെപിയുടെ പ്രതികരണം.
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. തൃപുരയിലും ജയിക്കും. ഇതിൽ ലവലേശം സംശയമില്ലെന്നും മുകുൾ റോയ് പറഞ്ഞു.
എന്നാൽ അമിളി മനസിലായ മുൻ റെയിൽവെ മന്ത്രി വേഗം തിരുത്തി. ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്നതിൽ സംശയമില്ല.
ബിജെപിയെ പരാജയപ്പെടുത്തും. ടിഎംസി അവിടെ വിജയം തുടരും. തൃപുരയിൽ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.