മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്.
താന്‍ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ളതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മുകുള്‍ റോയ് വ്യക്തമാക്കി.
”ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നില്‍ക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്” ഒരു ബംഗാളി വാര്‍ത്താ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്.
താന്‍ ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് മുകുള്‍ റോയിയെ ‘കാണാനില്ലെന്ന’ പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ അദ്ദേഹം ഡല്‍ഹി യാത്രയ്ക്ക് ‘പ്രത്യേക അജണ്ടയില്ലെ’ന്നു വ്യക്തമാക്കിയിരുന്നു. ”ഞാന്‍ ഡല്‍ഹിയില്‍ എത്തി. പ്രത്യേക അജണ്ട ഒന്നുമില്ല.
ഞാന്‍ എംപിയായിരുന്നു. എനിക്ക് ഡല്‍ഹിയില്‍ വരാന്‍ പറ്റില്ലേ?. നേരത്തെ ഞാന്‍ സ്ഥിരമായി ഡല്‍ഹിയില്‍ വരുമായിരുന്നു” അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ബംഗാളി വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബിജെപിയില്‍ നില്ക്കാന് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
മകന് ശുഭരാംഘ്സുവിനെ കുറിച്ചുള്ള ചോദ്യത്തിന്, മകന് ബിജെപിയില്‍ ചേരണമെന്നും അതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുള്‍ റോയ് 2017ല്‍ ബിജെപിയിലേക്ക് മാറിയിരുന്നു.
2020ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു.
എന്നാല്‍, പിന്നീട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.