എരുമപ്പെട്ടി (തൃശൂർ: ഇന്ന് സ്വന്തമായി തുടങ്ങുന്ന പച്ചക്കറി കട ഉദ്ഘാടനം ചെയ്യാനിരിക്കെ കടയുടമ ബൈക്കിടിച്ച് മരിച്ചു. തയ്യൂർ കണ്ടമാട്ടിൽ വേലുക്കുട്ടി നായർ മകൻ ചിങ്ങപുരത്ത് താഴത്തേതിൽ വീട്ടിൽ മുകുന്ദൻ (66) ആണ് ഇന്നലെ രാത്രി മരിച്ചത്. എരുമപ്പെട്ടി സെന്റ്. മേരീസ് ആശുപത്രിക്ക് സമീപം പുതുതായി തുടങ്ങുന്ന കടയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 9.45നാണ് അപകടം ഉണ്ടായത്.
പെരിന്തൽമണ്ണ സ്വദേശികളായ നൗഷാദ്, ഉമേഷ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുകുന്ദനെ ഇടിക്കുക യായിരുന്നു. എരുമപ്പെട്ടി ആക്സ് പ്രവർത്തകർ മൂവരെയും തൃശൂർ ജൂബിലി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മുകുന്ദൻ അർധരാത്രിയോടെ മരിച്ചു.
ഇന്നത്തെ പത്രത്തിന്റെ കൂടെ ഉദ്ഘാടന നോട്ടീസ് വന്നതിന്റെ പിന്നാലെ മുകുന്ദന്റെ മരണ വാർത്തയെത്തിയത് നാട്ടുകാരെ ദുഃഖത്തിലാക്കി. ഒരു വർഷം മുന്പ് ഏക മകൻ ദീപക് ഛത്തീസ്ഗഡിൽ വച്ച് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരുന്നു. ഭാര്യ. സുജാത, മകൾ: സിമി, മരുമകൻ മനോജ്. എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു.