മാഹി: മാഹിയുടെ കഥാകാരൻ എം.മുകുന്ദൻ ജന്മഗൃഹമായ മണിയമ്പത്ത് വീട് ഉപേക്ഷിക്കുന്നു. മാഹി സെമിത്തേരി റോഡിലെ ഇറക്കത്തിൽ ഭാരതീയാർ റോഡ് തുടങ്ങുന്ന സ്ഥലത്തുള്ള വീടിന് വാഹനങ്ങൾ നിയന്ത്രണംവിട്ട ഇടിച്ച് അപകടം വർധിച്ചതോടെ ഇതു തടയാൻ നടപടിയാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടാകാത്തതിനാലാണ് മുകുന്ദൻ ജന്മവീട്ടിൽനിന്ന് താമസം മാറ്റുന്നത്.
ദേശീയപാതയിൽ കുരുക്ക് വരുമ്പോൾ വാഹനങ്ങൾ സെമിത്തേരി റോഡിലൂടെ കടത്തിവിടുമ്പോഴാണ് എഴുത്തുകാരന്റെ വീടിന് അപകടം വരുന്നത്. വീടിനുസമീപം പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച സൂചനാബോർഡ് ഡൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്തും വ്യക്തതയില്ലാത്തതുമാണുള്ളത്. ഇതുമൂലം വാഹനങ്ങൾ മുന്നോട്ടെടുത്തശേഷം വീണ്ടും പിന്നിലേക്കുവന്ന് ഭാരതിയാർ റോഡിലേക്ക് പ്രവേശിക്കുമ്പോഴേക്കും വാഹനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടാകുന്നു.
എതിർദിശയിൽനിന്ന് വാഹനങ്ങൾ വരുന്നതോടെയാണ് ഇറക്കം ഇറങ്ങുന്ന വാഹനങ്ങൾ വീടിന്റെ മതിൽ തകർക്കുന്നത്. രണ്ടുമാസം മുന്പ് മിനിവാൻ നിയന്ത്രണംവിട്ട് വീടിന്റെ ഗേറ്റ് ഇടിച്ചുവീഴ്ത്തിയിരുന്നു. സംഭവസമയത്ത് മുറ്റത്തുണ്ടായിരുന്ന മുകുന്ദന് ഗേറ്റു വീണ് കാലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടം ഒഴിവാക്കാൻ ഡിവൈഡർ സ്ഥാപിക്കണമെന്നും ഭാരതിയാർ റോഡിൽ വൺവെ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാഹി പൊതുമരാമത്ത് വകുപ്പിലും റീജണൽ അഡ്മിനിസ്ട്രേറ്റർക്കും നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സൂചനാബോർഡ് വലുതാക്കി റിഫ്ലക്ടർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യവും ഫലംകാണാതെ വന്ന സാഹചര്യത്തിലാണ് താമസം മാറ്റാൻ മുകുന്ദൻ തീരുമാനിച്ചത്.
പള്ളൂരിൽ ഭാര്യ ശ്രീജയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിർമിച്ചുകൊണ്ടിരിക്കുകയാണ് മുകുന്ദൻ. അധികൃതരുടെ അവഗണനമൂലമാണ് ജന്മഗൃഹത്തിൽനിന്ന് മാഹിയുടെ കഥാകാരന് ഇറങ്ങിപ്പോകേണ്ടിവന്നിരിക്കുന്നത്.1961 മുതൽ എഴുത്തിന്റെ ലോകത്തെത്തിയ ഈ എഴുത്തുകാരന് മാഹിയുടെ ഹൃദയഭാഗം വിട്ടുപോകുന്നതിൽ വേദനയുണ്ട്.
കഴിഞ്ഞദിവസം മാഹി ഗവ.ലൈബ്രറി ഹാളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി നിർവഹിച്ചിരുന്നു. പ്രശസ്ത എഴുത്തുകാരനായ മുകുന്ദനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഈ വിഷമവും അദ്ദേഹത്തിനുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള ഈ ലൈബ്രറിയിൽ ഇരുന്നു വായനാലോകത്ത് മുഴുകിയാണ് മയ്യഴിപ്പുഴയുടെ തീരങ്ങൾ അടക്കമുള്ള നോവലുകൾ എഴുതാൻ മുകുന്ദനായത്.