ഇരിങ്ങാലക്കുട: നിയമക്കുരുക്കിൽപെട്ട് താലൂക്ക് ഓഫീസിന്റെ കോന്പൗണ്ടിൽ വാഹനങ്ങൾ തുരുന്പെടുത്ത് നശിക്കുന്നു. വിവിധ കേസുകളിൽ പിടിച്ചെടുത്ത ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളാണു ഇവിടെ തുരുന്പെടുത്ത് നശിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ ലഭിക്കാൻ പാലിക്കേണ്ടതായ നിയമത്തിലെ നൂലാമാലകളാണു വാഹനങ്ങൾ ഇവിടെ പെരുകാൻ കാരണമാകുന്നത്.
മതിയായ രേഖകളില്ലാതെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വാഹനങ്ങൾക്കു പുറമേ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥർ റവന്യൂ റിക്കവറിയുടെ ഭാഗമായി പിടിച്ചെടുത്തവയും കോടതികളിലെ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഉപയോഗശൂന്യമായ വാഹനങ്ങൾ താലൂക്കോഫീസിലെ വളപ്പിൽ പെരുകുന്നതു വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ഓഫീസിൽ എത്തുന്നവർക്കു ദുരിതമാവുകയാണ്.
മറ്റു പല ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട സ്ഥലം അനാവശ്യ കാര്യങ്ങൾക്കായി കവർന്നെടുക്കുന്ന നിലയിലാണ്. കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ തുടങ്ങിയവയാണു ഭൂരിഭാഗവും താലൂക്ക് ഓഫീസ് വളപ്പിൽ കിടന്നു നശിക്കുന്നത്.
വർഷങ്ങളോളം പഴക്കംചെന്നതു മുതൽ ഏറ്റവും പുതിയതു വരെയുണ്ട് ഇവിടെ കിടക്കുന്നവയിൽ. കാടും മറ്റും പടർന്നുകയറിയ വാഹനങ്ങൾ ഇപ്പോൾ ഇഴജന്തുക്കളുടെ താവളമായി മാറി. വാഹനങ്ങൾ വർഷങ്ങൾക്കു മുന്പ് പിടിയിലാകുന്പോൾ മോട്ടോർ വാഹന വകുപ്പിന്റെ മൂല്യനിർണയത്തിൽ കൂടിയ വിലയായിരിക്കും രേഖപ്പെടുത്തിയിരിക്കുക.
എന്നാൽ പിന്നീട് വില കുറയുന്പോൾ ഉടമസ്ഥർ പഴയ വില കെട്ടിവച്ചു വാഹനം കൊണ്ടുപോകാൻ തയാറാകില്ല. ഇതാണു പ്രതിസന്ധിക്കു പ്രധാന കാരണം. വർഷങ്ങളോളം വെയിലും മഴയുമേറ്റു തുരുന്പിച്ച വാഹനങ്ങൾ ഉപയോഗശൂന്യമായതിനെ തുടർന്ന് ന്യായവിലയ്ക്കെടുക്കാൻ ലേലത്തിൽ ആരുമുണ്ടാകാറില്ല. ഒടുവിൽ കിട്ടിയ വിലയ്ക്കു വാഹനങ്ങൾ വിറ്റു സ്ഥലം കാലിയാക്കും.
വാഹനം വിറ്റാൽ കിട്ടുന്ന വിലയേക്കാൾ കൂടുതൽ തുക ചെലവഴിച്ചാലേ വാഹനം ഇറക്കിക്കൊണ്ടുവരാനാകൂയെന്നതാണു വാഹനങ്ങളുടെ ദുർഗതിക്കു കാരണം. നോട്ടീസും വിചാരണയുമൊക്കെയായി വർഷങ്ങൾ നീളുന്പോൾ വാഹനത്തിന്റെ മൂല്യം താഴേക്കു പോകും. ഒടുവിൽ അവയ്ക്കു പാട്ടവില പോലും കിട്ടാതാകുന്ന സ്ഥിതിയാണുള്ളത്.