കാട്ടാക്കട: ലാറി ബേക്കറുടെ കർമ്മഭൂമിയിൽ മുളംതണ്ടിൽ നിർമിച്ച മണിമാളികയുടെ ഉദ്ഘാടനം നടത്തി. കഴിഞ്ഞ ദിവസം മന്ത്രി ഡോ. തോമസ് ഐസക്ക് മണിമാളിക തുറന്നുകൊടുത്തതോടെ ലാറി ബേക്കറിന് തന്നെ അതൊരു ആദരവായി മാറുകയും ചെയ്തു.
നേരിയ അളവിൽ മാത്രം സിമന്റ് ചേർത്ത് ഒരു തുണ്ട് കമ്പിപോലും ഉപയോഗിക്കാതെ മുളംതണ്ടുകൊണ്ടാണ് മണിമാളിക നിർമിച്ചത്. ബേക്കറിന്റെ ഓർമ്മകൾ നിലനിർത്താൻ ശിഷ്യർ നൂലിയോട് മലമുകളിൽ ഒരുക്കിയ അത്ഭുത മന്ദിരം കൗതുകം പകരുന്ന കാഴ്ചയാണ്.
പൂർണ്ണമായും മുളയും മണ്ണും ഉപയോഗിച്ചാണ് നിർമാണം. 1995 ൽ ഒരു കനേഡിയൻ പൗരനുവേണ്ടിയാണ് ലാറി ബേക്കർ നൂലിയോട് മലയിൽ അഞ്ച് ഏക്കറിൽ ഒന്പത് മാളികകൾ നിർമിച്ചത്. ബേക്കറിന്റെ ഓർമ്മകൾ നിലനിൽക്കുന്നതിനായി സ്മാരകം വേണമെന്ന് സുഹൃത്തുക്കളും ആരാധകരും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.2009 ൽ സംസ്ഥാന സർക്കാർ ഒരു കോടി രൂപ ബേക്കർ സെന്ററിന് അനുവദിച്ചു.
ഒരുപാട് നാളുകൾ ബേക്കറിന്റെ കർമ്മഭൂമിയായി നിലകൊണ്ട നൂലിയോട്ടെ കനേഡിയക്കാരന്റെ ഫാം ഹൗസ് ബേക്കർ സെന്ററിനായി കോസ്റ്റ് ഫോർഡ് ആവശ്യപ്പെട്ടു. നിറഞ്ഞ മനസോടെ കനേഡിയക്കാരൻ കീത്ത് സെൽദാന അഞ്ച് ഏക്കറും കെട്ടിടങ്ങളും സെന്ററിന് നൽകി. ഇവിടെയാണ് മുളം തണ്ടിൽ വിസ്മയ മന്ദിരം ഒരുക്കിയിരിക്കുന്നത്.
മുളകൾക്കിടയിലെ വിടവ് നികത്താനും അകം പൂശിനും മണ്ണിൽ ചകിരിനാരും ഉമിയും നീറ്റുകക്കയും ചേർത്ത മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. ആകെക്കൂടി പ്രകൃതി സൗഹൃദമാണ് ഈ മണിമന്ദിരം. കൂറ്റൻ പാറകളും മരങ്ങളും നിറഞ്ഞ അഞ്ചേക്കറിലാണ് മുള മാളികയുടെ അവസാന മിനുക്കുപണികൾ നടക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വർണക്കൂട്ടുകൾ മന്ദിരത്തിന് മോടികൂട്ടാൻ ഉപയോഗിക്കില്ല.
കാഷ്യൂ ഓയിലും ചില പ്രകൃതിദത്ത ചേരുവകളുമാണ് ചുവരുകൾക്ക് ചായം പൂശാൻ ഉപയോഗിക്കുന്നത്. മുപ്പത് ലക്ഷമാണ് മൂവായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഈ മുള മന്ദിരത്തിന്റെ നിർമാണത്തിന് ചെലവായത്. ആർക്കിടെക്കുകൾക്കും ബേക്കർ ശൈലി അനുകരിക്കുന്നവർക്കും താമസിച്ച് റിസർച്ച് നടത്താനാണ് മുളവീട് നിർമിച്ചത്.
ഫാനും എസിയുമില്ലാതെ പ്രകൃതി കനിയുന്ന സ്വാഭാവിക കുളിർമ കെട്ടിടത്തിനുള്ളിൽ ലഭിക്കും. ഭൂമിയുടെ പച്ചപ്പിനെ കാർന്നുതിന്നുന്ന കോൺക്രീറ്റ് കാടുകൾക്ക് അപവാദമാണ് പ്രകൃതിക്കിണങ്ങുന്ന ഇത്തരം സൗധങ്ങൾ.
പക്ഷേ ചിലവ് കുറഞ്ഞതും ഈടുറ്റതും പ്രകൃതി സൗഹൃദവുമായ നിർമാണ രീതി ഇവയെ വ്യത്യസ്ഥമാക്കുന്നു.ഇംഗ്ലണ്ടിൽ ജനിച്ച് ഭാരത പൗരത്വം സ്വീകരിച്ച ലാറി ബേക്കറുടെ സ്വപ്നം പിൻതുടരുകയാണ് തങ്ങളുമെന്ന് ബേക്കറുടെ പിൻഗാമികൾ പറയുന്നു. ഉദ്ഘാടന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ്,ഡോ.കെ.പി. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.