വാഴക്കുളം: പ്രളയത്തിൽ തകർന്ന മടക്കത്താനത്തെ തൂക്കുപാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. ഇടുക്കി -എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് ഇവിടെയുണ്ടായിരുന്ന തൂക്കുപാലം കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. മഞ്ഞളളൂർ പഞ്ചായത്തിലെ മടക്കത്താനത്തെയും മണക്കാട് പഞ്ചായത്തിലെ ചിറ്റൂരിനെയും ബന്ധിപ്പിച്ചിരുന്ന കന്പിപ്പാലമാണ് തകർന്നത്.
ചിറ്റൂർ, അങ്കംവെട്ടി പ്രദേശങ്ങളിലുളളവർക്ക് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനുളള എളുപ്പമാർഗമായിരുന്നു ഇത്. 2013-ൽ വെളളപ്പൊക്കമുണ്ടായി ഇവിടെ ഉണ്ടായിരുന്ന തൂക്കുപാലം ഒഴുകിപ്പോയിരുന്നു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്ന് 2016-ൽ ആണ് വീണ്ടും ഇവിടെ തൂക്കുപാലം നിർമിച്ചത്.
പി.ജെ.ജോസഫ് എംഎൽഎ അനുവദിച്ച 40 ലക്ഷം വിനിയോഗിച്ചായിരുന്നു നിർമാണം. നിലവിൽ തൂക്കുപാലം ഘടിപ്പിച്ചിരുന്ന പുഴയുടെ ഒരു വശത്തെ ഇരുന്പുതൂണ് തകർന്നുവീണ നിലയിലാണ്. പാലം ഒഴുകി പോയെങ്കിലും പാലവുമായി ബന്ധിപ്പിച്ചിരുന്ന ഇരുന്പ് വടം പുഴയിൽ വീണുകിടക്കുകയാണ്.
ചിറ്റൂർ, അങ്കംവെട്ടി പ്രദേശങ്ങളിലുളളവർക്ക് സംസ്ഥാന പാതയിലെത്താനുളള എളുപ്പമാർഗമായിരുന്നു ഇത്. ഗ്രാമപ്രദേശമായതിനാൽ അതിരാവിലെയും മറ്റും യാത്രാസൗകര്യം ഇവിടെ ലഭ്യമല്ല. ചിറ്റൂർ പ്രദേശവാസികൾക്ക് പട്ടണങ്ങളിലേക്കുളള യാത്രയ്ക്ക് ഈ തൂക്കുപാലം ഏറെ ഉപകാരപ്രദമായിരുന്നു.
മടക്കത്താനം പ്രദേശക്കാർക്ക് ചിറ്റൂരിലേക്കും തിരിച്ചും വളരെ എളുപ്പത്തിൽ എത്താൻ ഈ പാലം സഹായകമായിരുന്നു. ചിറ്റൂർ നിന്ന് നിരവധി വിദ്യാർഥികൾ വാഴക്കുളത്തും സമീപ പ്രദേശങ്ങളിലുമായി പഠിക്കുന്നുണ്ട്. ഇപ്പോൾ ഇവിടെനിന്ന് കുട്ടികൾ തൊടുപുഴയിലെ മൂവാറ്റുപുഴയിലോ എത്തി അവിടെ നിന്ന് മറ്റു സംവിധാനങ്ങളിലൂടെയാണ് സ്കൂളുകളിലെത്തുന്നത്.
വിവിധ ആവശ്യങ്ങൾക്കായി ഇരു പ്രദേശങ്ങളിലേക്കും ഇവിടുത്തുകാർ സഞ്ചരിച്ചിരുന്ന എളുപ്പമാർഗം അടഞ്ഞതോടെ പ്രദേശവാസികൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പാലം പുനർനിർമിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.