കടുത്തുരുത്തി: കൊറോണാ രോഗഭീതിയിൽ നാടും നാട്ടുകാരും വലയുന്പോൾ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കഴിയുന്ന മുളക്കുളത്തെ ഇഷ്ടിക കളങ്ങളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളോ, മുൻകരുതലുകളോയില്ലെന്ന ആക്ഷേപം ശക്തം.
ഇവിടെ എത്ര തൊഴിലാളികൾ താമസിക്കുന്നുണ്ടന്നോ, ഇവിടേക്ക് പുതുതായി വരുന്നവരോ, ഇവിടെ നിന്നും പോകുന്നവരോ സംബന്ധിച്ചു യാതൊരുവിധ കണക്കുകളോ, രേഖകളോ ഇല്ലെന്നതാണ് യാഥാർത്ഥ്യം.
നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഇതനുസരിച്ചുള്ള യാതൊരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
എന്നാൽ പതിറ്റാണ്ടുകളായുള്ളതാണ് ഇവിടുത്തെ പല ഇഷ്ടിക കളങ്ങളെങ്കിലും നാളിതുവരെയായിട്ടും ഇവിടെ പരിശോധനകൾ നടത്തി യാതൊരുവിധ നടപടികളും നടത്തിയതായി കേട്ടുകേൾവി പോലുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൂട്ടത്തോടെയാണ് തൊഴിലാളികൾ ഷെഡുകളിൽ കഴിഞ്ഞു കൂടുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ നിർമിച്ചിരിക്കുന്ന ശൗചാലയങ്ങൾ, താമസ സൗകര്യങ്ങൾ എല്ലാത്തിന്റെയും അവസ്ഥ ദയനീയമാണെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.
തൊഴിലാളികൾ കൂട്ടത്തോടെയാണ് ജോലിയെടുക്കുന്നതും സഞ്ചാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് സന്ദർശിച്ചതായോ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായോ അറിവില്ലെന്നും നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.
രോഗഭീതിയിൽ നാട് മുഴനായി വിറങ്ങലിച്ചു നിൽക്കുന്പോളും യാതൊരു മുൻകരുതലുകളും ഇല്ലാത്ത ഇഷ്ടിക കളങ്ങളിൽ കഴിയുന്നവരിലോ, നാട്ടിൽ പോയി മടങ്ങിയെത്തിയവരിലോ രോഗസാധ്യത തള്ളി കളയാനാവില്ലെന്നാണ് നാട്ടുകാരുടെ ഭീതി.
54 പുരുഷ·ാരും 12 കുട്ടികളും ഉൾപെടെ 126 പേർ കൊറോണാ രോഗവുമായി ബന്ധപെട്ട് മുളക്കുളം പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ പറഞ്ഞു. ഇത്തരത്തിൽ ഭയപെടുത്തുന്നൊരു സാഹചര്യം നിൽനിൽക്കുന്പോഴും ഇഷ്ടിക കളങ്ങൾ ചോദ്യചിഹ്നമായി നിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുളക്കുളം ഇടയാറ്റുപാടത്ത് ഇഷ്ടിക നിർമാണത്തിനു ലഭിച്ച ലൈസൻസ് ഉപയോഗിച്ചു ഉടമകൾ നടത്തുന്നത് വ്യവസ്ഥകൾ ലംഘിച്ചുള്ള പ്രവർത്തികളെന്ന പരാതിയും വർഷങ്ങളായുണ്ട്. ലൈസൻസിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഇഷ്ടിക കളയുടമകൾ നിരന്തരം ലംഘിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ലൈസൻസ് റദ്ദ് ചെയ്യുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ടെങ്കിലും അധികാരികൾ ഏല്ലാത്തിനും കണ്ണടച്ചു സഹായം നൽകുകയാണെന്ന പരാതിയും വ്യാപകമാണ്.